വിദ്യാഭ്യാസ മേഖല മികവിന്റെ പാതയിൽ: മന്ത്രി കെ രാജൻ

post

തൃശൂർ: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല മികവിൻ്റെ പാതയിലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണലൂർ ഗ്രാമപഞ്ചായത്തും കാഞ്ഞാണി സിംല ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച എസ് എസ് എൽ സി  പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകൾ,  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, കലാകായിക സാംസ്ക്കാരിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് മണലൂർ  സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ വിദ്യാഭ്യാസ രംഗം ഓരോ വർഷവും മെച്ചപ്പെട്ടു വരികയാണ്. വിദ്യാഭ്യാസത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ മേഖലയ്ക്കും അർഹിച്ച പ്രാധാന്യം തന്നെയാണ് നൽകി വരുന്നത്. ഏതു രംഗത്ത് മികവു തെളിയിച്ചവരും സമൂഹത്തിന് എല്ലാ കാലത്തും  മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.