സംസ്ഥാന ബജറ്റ് :തൃശൂര്‍ ജില്ലയ്ക്ക് മികച്ച പരിഗണ

post

തൃശൂര്‍ : ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തൃശൂര്‍ ജില്ലയ്ക്ക് മികച്ച പരിഗണന. സാംസ്‌കാരിക മേഖലയ്ക്ക് ബജറ്റില്‍ മാറ്റിവെച്ച 157 കോടി സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് പ്രതീക്ഷ നല്‍കുന്നതാണ്.

മറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

*തൃശൂരിലെ അഗ്രോ പാര്‍ക്കിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ പഴങ്ങളില്‍ നിന്ന് വൈനുകള്‍ ഉണ്ടാക്കുന്നതിനുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റില്‍ ഇടം നല്‍കി.

*മൃഗപരിപാലന മേഖലയ്ക്ക് 422 കോടി മാറ്റിവെച്ചതില്‍ 75 കോടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് ലഭിക്കും.

*തുറമുഖ പട്ടണങ്ങളുടെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ടൂറിസം സ്‌പൈസസ് റൂട്ട് പദ്ധതിയില്‍ മുസിരിസിനെ ഉള്‍പ്പടുത്തി.

*കോഴിക്കോട് സര്‍വകലാശാലയുടെ തൃശൂര്‍ കാമ്പസ് പ്രവര്‍ത്തിക്കുന്ന ഡോ. ജോണ്‍ മത്തായിയുടെ തറവാട് വീടും പുരയിടവും പുനരുദ്ധരിക്കാനും അവിടം കേരളത്തിലെ ഒന്നാം തലമുറ സാമ്പത്തിക ശാസ്ത്രജ്ഞരായ പി. ജെ. തോമസ്, വി. ആര്‍. പിള്ള, പത്മനാഭന്‍ പിള്ള, ഡോ. കെ. എന്‍. രാജ് എന്നിവരുടെ സ്മാരകമായി വികസിപ്പിക്കുന്നതിനും ബജറ്റില്‍ വകയിരുത്തി.

*കോള്‍ മേഖലയ്ക്ക് കോളൊരുക്കിയിട്ടുണ്ട് ബഡ്ജറ്റില്‍. ഇരിപ്പൂ കൃഷിക്ക് ഓപ്പേറഷന്‍ ഡബിള്‍ കോള്‍ നടപ്പാക്കുന്നതിന് 2 കോടിയും, പൊക്കാളി കൃഷിക്ക് 2 കോടിയും വകയിരുത്തി.118 കോടിയാണ് നെല്‍കൃഷിക്കായി വകയിരുത്തുന്നത്.

*കേരള ലളിതകലാ അക്കാദമിക്ക് 7 കോടി വകയിരുത്തി. 2 കോടി രൂപ മ്യൂസിയങ്ങള്‍ സജ്ജീകരിക്കുന്നതിന് കലാകാരന്‍മാരെ കരാറടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഉണ്ണായിവാര്യര്‍ സാംസ്‌ക്കാരിക കലാനിലയത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്. 

*സാമൂഹ്യ നീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ നീക്കി വെച്ച 217 കോടിയും തൃശൂരുകാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്.

*അമച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി അധികമായി അനുവദിച്ചതും തൃശൂരിലെ കലാകാരന്മാര്‍ക്ക് പ്രതീക്ഷയാകുന്നു. തെരഞ്ഞടുക്കപ്പെടുന്ന നാടകത്തിന് 5 ലക്ഷം വരെയാണ് സഹായം ലഭിക്കുക.