കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും: മുഖ്യമന്തി

post

തിരുവനന്തപുരം: അക്കാദമിക് മികവിന് പ്രാധാന്യം നല്‍കിയും അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉള്‍പ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തു കൂടുതല്‍ സെന്റര്‍ ഫോര്‍ എക്സലന്‍സുകള്‍ ഉണ്ടാകുന്നതിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അക്കാഡമിക് സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ പുറം ദേശത്തു നിന്നും പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്തും. അക്കാഡമിക് രംഗത്തെ നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും മികച്ച ഗ്രെഡിങ് നേടാന്‍ കഴിയുമെന്നും അതിലൂടെ കേരളം വിദ്യാഭ്യസ രംഗത്തെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.