തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ സ്‌കൂള്‍ വിക്കിയില്‍ പ്രദര്‍ശിപ്പിക്കുന്നു

post

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പത്തൊന്‍പത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോള്‍ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന പേരില്‍ കൈറ്റ് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങള്‍ക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ് .

കേരളത്തിലെ പതിനായിരത്തോളം സ്‌കൂളുകളെ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ രചനാമത്സരങ്ങളും ചിത്ര കാര്‍ട്ടൂണ്‍ മത്സരങ്ങളും ഉള്‍പ്പെടുത്തിയതിന്റെയും എല്ലാ സ്‌കൂളുകളുടെയും ഡിജിറ്റല്‍ മാഗസിനുകള്‍ അപ്ലോഡ് ചെയ്തതിന്റെയും കോവിഡ് കാലത്ത് 'അക്ഷരവൃക്ഷം' എന്ന പേരില്‍ 56399 കുട്ടികളുടെ സൃഷ്ടികള്‍ ലഭ്യമാക്കിയതിന്റെയും മാതൃകയില്‍ ഈ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കും.

വിദ്യാലയങ്ങള്‍ തുറക്കുന്ന ആദ്യദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ചിത്രീകരണം, സ്‌കൂള്‍ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങള്‍ തുടങ്ങിയവയാണ് ഫോട്ടോ ഡോക്യുമെന്റേഷന്‍ ചെയ്യുന്നത്. മികച്ച ചിത്രങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 25000, 20000, 10000 രൂപയും ജില്ലാതലത്തില്‍ 5000, 3000, 2000 രൂപയും യഥാക്രമം സമ്മാനമായി നല്‍കുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍ക്കുലര്‍ കൈറ്റിന്റെ വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.