ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പ്രത്യേക ഊന്നല്‍ നല്‍കിയ ബജറ്റ് :മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാന്‍ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ആണ് ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക് അവതരിപ്പിച്ചത്. ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ട്. ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  വിദേശ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ച ചാമ്പ്യന്‍സ്‌ബോട്ട്  ലീഗിനും  മറ്റു  ജലേമളകള്‍ക്കുമായി  20  കോടി  രൂപ വകയിരുത്തിയിട്ടുണ്ട്. സ്‌പൈസസ് റൂട്ട് പദ്ധതി, ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി, മലബാറിന്റെ ടൂറിസം വികസനത്തിനുള്ള പ്രത്യേക പദ്ധതി, ആലപ്പുഴയെ പൈതൃക നഗരമാക്കി മാറ്റുന്ന പദ്ധതി എന്നിവ ഏറെ സാധ്യതകള്‍ തുറന്നിടുന്നവയാണ്.  തത്വമസി പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് പദ്ധതി ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കും. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട ഉത്സവങ്ങളും നമുക്കുണ്ട്. ഇവയെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന ഒരു സമഗ്ര പദ്ധതിയായി തത്വമസി പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് മാറും. വാസ്തുശില്പ ഭംഗിയുള്ള നാശോന്മുഖമായ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയും പില്‍ഗ്രിം ടൂറിസത്തിന് പ്രോത്സാഹനമേകും. ഇടുക്കി, വയനാട് പാക്കേജുകളുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ടൂറിസത്തിന് വലിയ രീതിയില്‍ പ്രോത്സാഹനമേകും. ഇടുക്കിയില്‍ എയര്‍ സ്ട്രിപ് എന്നത് ഒരു നവീന ആശയമാണ്.മൂന്നാറിന്റെയും ഇടുക്കിയുടെയും ടൂറിസം സാധ്യതകളെ വര്‍ദ്ധിപ്പിക്കുവാന്‍ ഇത് സഹായകരമാകും.