നിര്‍ധന രോഗികള്‍ക്കുള്ള പദ്ധതികള്‍ പ്രശംസനാര്‍ഹം: മന്ത്രി വി.എന്‍. വാസവന്‍

post

എലിക്കുളത്ത് ക്യാന്‍സര്‍-കിഡ്നി കെയര്‍ പദ്ധതിക്കു തുടക്കം

കോട്ടയം: നിര്‍ധന രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത്   പ്രശംസനാര്‍ഹമാണെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ക്യാന്‍സര്‍ - കിഡ്‌നി കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലം തുടരേണ്ട അര്‍ബുദ,വൃക്ക രോഗങ്ങള്‍ പോലുള്ളവയ്ക്ക് ചികിത്സ മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാണെന്നും അദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്ക്  ബി.പി. അപ്പാരറ്റസ് നല്‍കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇളങ്ങുളം കെ.വി.എല്‍.പി.ജി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി  അധ്യക്ഷനായി.