ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ഉറപ്പാക്കണം: മന്ത്രി ജി.ആര്‍. അനില്‍

post

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അര്‍ഹമായ സേവനങ്ങളും ആനുകൂല്യങ്ങളും യഥാസമയം എത്തിക്കുമ്പോഴാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൂര്‍ണമാകുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. പൊതുവിതരണ സംവിധാനം ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസത്തെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കുകയും അവ നടപ്പിലാക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ സുതാര്യമാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വിഭാവനം ചെയ്യുന്ന തരത്തില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

റേഷന്‍കടകളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, കാര്യക്ഷമമായ പൊതുവിതരണം, സപ്ലൈകോ മാവേലി സ്റ്റോറുകള്‍/ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ശില്‍പശാലയില്‍ രൂപരേഖ തയ്യാറാക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബു സ്വാഗതം പറഞ്ഞു. റേഷനിംഗ് കണ്‍ട്രോളര്‍ ശ്രീലത നന്ദി രേഖപ്പെടുത്തി.