കണ്ണൂര്‍ നിന്ന് വിദേശ വിമാന സര്‍വീസ്: കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

post

തിരുവനന്തപുരം : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് അനുവദിക്കുന്നതില്‍ കേന്ദ്ര  സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന് അനുമതി ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലായേനെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതോടെ കണ്ണൂരിന് പുറമെ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഒരു ഭാഗം, കര്‍ണാടകയിലെ കൂര്‍ഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ചരക്ക് വിദേശത്തേക്ക് കയറ്റി അയയ്ക്കാനാകും. മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ് ആയി കണ്ണൂര്‍ വിമാനത്താവളം മാറാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് കാര്‍ഗോ കോംപ്ളക്സ്. 12,000 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്ക് നീക്കം നിയന്ത്രിക്കുക. കോവിഡ് വ്യാപനവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു