അര്‍ഹരായവര്‍ക്കെല്ലാം വാക്സിന്‍

post

മലപ്പുറം: ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി മൂന്ന് മാസം കഴിയാത്തവര്‍, ആരോഗ്യ കാരണങ്ങളാല്‍ തത്കാലം വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍, നിലവില്‍ സ്ഥലത്തില്ലാത്തവര്‍ എന്നിവര്‍ക്കൊഴികെ അര്‍ഹരായ എല്ലാവരുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്. ജില്ലയില്‍ ഇതുവരെ 38,53,405 ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 28,53,531 പേര്‍ക്ക് ഒന്നാം ഡോസും 9,99,874 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.

ഇനിയും വാക്സിന്‍ ലഭിക്കാന്‍ ബാക്കി ഉള്ളവര്‍ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.