സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി എളുപ്പത്തില്‍ ലഭ്യമാകും; ജില്ലാ കലക്ടര്‍

post

നടപടിക്രമം ലഘൂകരിച്ച് ഉത്തരവായി

കൊല്ലം: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ അതിവേഗത്തിലാക്കാന്‍ നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ചെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ബിസിനസിനും വാണിജ്യ ആവശ്യത്തിനുമൊഴികെ അപേക്ഷാ ഫീസ് ഒഴിവാക്കി. ഫോമുകള്‍ ലളിതമാക്കി കഴയുന്നതും ഒരു പേജിലേക്ക് ചുരുക്കി.

ഒരു സര്‍ട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം, അതിന്റെ കാലയളവ് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമായിരിക്കും. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റനായി കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖയോ മതിയാകും. കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്ക് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അനിവാര്യം. ഓണ്‍ലൈനായി അപേക്ഷിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും വിധമാണ് പുതിയ ക്രമീകരണം.

ആധാര്‍/ഏറ്റവും പുതിയ വൈദ്യുതി/കുടിവെള്ള/ടെലഫോണ്‍ ബില്‍/കെട്ടിട നികുതി രസീത് ഏതെങ്കിലും റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും. ഇതൊന്നുമില്ലാത്തവര്‍ തദ്ദേക സ്ഥാനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

എസ്. എസ്. എല്‍. സി. ബുക്ക്/വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അങ്ങനെയല്ലാത്തവര്‍ക്ക് വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ക്ക് അപേക്ഷ ഓണ്‍ലൈനായി നല്‍കി അഞ്ച് ദിവത്തിനുള്ളില്‍ വാങ്ങാം. സത്യവാങ്മൂലം അപേക്ഷകന്‍ നല്‍കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ജീവന്‍പ്രമാണ്‍' ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കണം. ട്രഷറിയുലും ബാങ്കിലും സേവനം ലഭ്യമാണ്.

അപേക്ഷകന്റെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ 'വണ്‍ ആന്റ് ദ സെയിം' സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫക്കറ്റ്, ആധാര്‍, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ നല്‍കുന്ന പ്രത്യേക ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അപേക്ഷകന്റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെയെല്ലാം പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കാര്‍ഡ് തന്നെ കുടുംബാംഗത്വ രേഖയായി കണക്കാക്കും. അല്ലാത്തവര്‍ക്ക് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റായി പരിഗണിക്കും.

ജാതി സര്‍ട്ടിഫിക്കറ്റായി അപേക്ഷകന്റെ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃത്യമായ വിവരമാണ് പരിഗണിക്കുക. പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനനമ്മമാര്‍ വ്യത്യസ്ത ജാതിയലുള്‍പ്പെട്ടവരാണെങ്കില്‍ അവരുടെ/അവരിലൊരാളുടെ എസ്. എസ്. എല്‍. സി ബുക്ക്/വിദ്യാഭ്യാസ രേഖയില്‍ ഉള്‍പ്പെടുത്തിയ ജാതി തെളിവായി പരിഗണിക്കും.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്. എസ്. എല്‍. സി ബുക്ക്/വിദ്യാഭ്യാസ രേഖയില്‍ കൃത്യമായി രേഖപ്പെടുത്തയിട്ടുള്ളതും സബ് രജിസ്ട്രാര്‍/തദ്ദേശ സ്ഥാപനം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റും സത്യവാങ്മൂലവും നല്‍കി മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാകുന്നതോടെ ലൊക്കേഷന്‍ മാപ്പ്-സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതാകും.

ആഭ്യന്തര വകുപ്പ് അറ്റസ്റ്റേഷന്റെ ഭാഗമായി വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കും. സര്‍വ്വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയ്ക്ക് ലോഗിന്‍ സൗകര്യം ലഭ്യമാക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരകത ഓണ്‍ലൈനായി പരിശോധിക്കുന്നതിനാണിത്. ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് നിര്‍വഹണ ചുതമതല. പരിശോധനയ്ക്ക് ശേഷം അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കി സേവനം ലഭിക്കേണ്ട വ്യക്തിയെ മുന്‍കൂട്ടി അറിയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ഇനിയുള്ള രീതി എന്നും കലക്ടര്‍ വ്യക്തമാക്കി.