മീനച്ചില്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി മനോഹരമായ ഇരിപ്പിടങ്ങളും ഡെസ്‌കും

post

കോട്ടയം: സ്‌കൂള്‍ തുറക്കുമ്പോള്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് മനോഹരമായ ഇരിപ്പിടങ്ങളും ഡെസ്‌കും. 

മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാലു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ആധുനിക രീതിയിലുള്ള ബെഞ്ചും ഡെസ്‌കും നല്‍കിയത്. ആദ്യഘട്ടമായി 54 എണ്ണം വിതരണം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പഠനോപകരണങ്ങള്‍ പ്രധാനാധ്യാപകര്‍ക്ക് കൈമാറി. പഞ്ചായത്തിന്റെ 2021 - 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പൂവരണി സര്‍ക്കാര്‍ യു.പി., പാറപ്പള്ളി സര്‍ക്കാര്‍ എല്‍.പി., കൂവത്തോട് സര്‍ക്കാര്‍ എല്‍.പി., വിളക്കുമാടം സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍ക്കാണ് ബെഞ്ചും ഡെസ്‌കും നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.