കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് : ആശങ്കവേണ്ടെന്ന് കളക്ടര്‍

post

എറണാകുളം: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ നിയുക്ത ഖര മാലിന്യ സംസ്‌കരണ പ്ലാന്റിനെ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് . മാലിന്യ സംസ്‌കരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. ദുര്‍ഗന്ധമോ മറ്റു രീതികളിലുള്ള അന്തരീക്ഷ , ജല മലിനീകരണ പ്രശ്‌നങ്ങളോ ഇവിടെയുണ്ടാകില്ലെന്നും ഇതു സംബന്ധിച്ച് ചേര്‍ന്ന കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കലക്ടര്‍ അറിയിച്ചു.

കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കാവുന്ന ബ്ലോക്കുകളാക്കി മാറ്റുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കു തന്നെ ഉപയോഗിക്കാവുന്നതാണ്. മാംസ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മൃഗ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ഇവിടെ സംസ്‌കരിക്കാം. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കൂടാതെ സമീപ തദ്ദേശസ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ സംസ്‌കരിക്കാവുന്ന സൗകര്യത്തിലാണ് പ്ലാന്റ് തയാറാക്കുന്നത്. സീ ക്വീന്‍ എന്‍വയോണ്‍മെന്റല്‍ സൊലുഷന്‍സ് എന്ന കമ്പനിക്കാണ് മാലിന്യ സംസ്‌കരണത്തിനായി കരാര്‍ നല്‍കുന്നത്. 

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള രണ്ടേക്കര്‍ ഭൂമിയിലാണ് കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുകയെന്നും കളക്ടര്‍ അറിയിച്ചു. 

പ്രദേശത്ത് നിലവില്‍ അളവില്‍ കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടോയെന്ന കാര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. നിബന്ധനകള്‍ ലംഘിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. 

മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട എതിര്‍പ്പ് വസ്തുതകള്‍ മനസിലാക്കാതെ യുള്ളതാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു