ശക്തമായ മഴ സാധ്യത: വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍-നിര്‍ദ്ദേശങ്ങള്‍

post

വൈകിട്ട് 5 മണി മുതല്‍ രാവിലെ 6 മണി വരെ ദേവികുളം ഗ്യാപ് റോഡ് യാത്ര നിരോധിക്കും

ഇടുക്കി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ന്യൂനമര്‍ദം മൂലം കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും ശക്തമായ കാറ്റിനും വരും ദിവസങ്ങളില്‍  സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ റെഡ് അലെര്‍ട്ടിന് സമാനമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം നല്‍കി.

ബന്ധപ്പെട്ട വകുപ്പുകള്‍ ഓറഞ്ച് ബുക്ക് 2020 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണം. കോവിഡ് ചികിത്സ മുടങ്ങാതിരിക്കാന്‍ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുത വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ആശുപത്രികളില്‍ ഉടനടി ജനറേറ്ററുകള്‍ സ്ഥാപിക്കണം. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തണം. സംസ്ഥാനത്തെ ആശുപത്രികളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുത വകുപ്പും, ആരോഗ്യ വകുപ്പും ഉറപ്പാക്കണം. ദുരന്ത സാധ്യത മുന്നില്‍ കണ്ടു ദുരന്ത പ്രതികരണത്തിനായി ആവശ്യമായ സാമഗ്രികള്‍ സജ്ജമാക്കി വെക്കേണ്ടതാണ്. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതാ മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന  (പേജ് നമ്പര്‍ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി മാറ്റി താമസിപ്പിക്കണം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് 'മൈക്ക് അനൗണ്‍സ്മെന്റ്' വഴി വിവരം നല്‍കുകയും ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറിത്തതാമസിക്കാന്‍ നിര്‍ബന്ധിതമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണ്. ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം. മഴ ശക്തിപ്പെട്ട് തുടങ്ങുന്നതോടെ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ നിയന്ത്രിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24x7 മണിക്കൂറും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ടതാണ്. പോലീസും അഗ്‌നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായിരിക്കേണ്ടതാണ്. നദികളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്. ദേവികുളം ഗ്യാപ് റോഡില്‍ വൈകിട്ട് 5 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിക്കും. അപകട സാധ്യതയുള്ള വെള്ളച്ചാട്ടങ്ങള്‍, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തിരമായി അപായ സുചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അനാവശ്യമായ പാര്‍ക്കിംഗ് ഒഴിവാക്കുക. ജാഗ്രതാ നിര്‍ദ്ദേശമുള്ള ദിവസങ്ങളില്‍ ജലാശയങ്ങളിലെ ടൂറിസം ഒഴിവാക്കുക. ജലാശയങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അദ്ധ്യക്ഷ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്് നിര്‍ദ്ദേശിച്ചു.

വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിര്‍ദേശം

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ലൈനുകളുടേയും ട്രാന്‍സ്‌ഫോമറുകളുടെയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളയിടത്ത് പൂര്‍ത്തീകരിക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത പവര്‍ ഹൗസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യുക.    

പ്രസ്തുത സാഹചര്യത്തില്‍ ദുരന്തനിവാരണ ചുമതലകളിലുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് പിന്‍വലിക്കും വരെ അവരവരുടെ ആസ്ഥാനം വിട്ട് പോകാന്‍ പാടില്ല.  

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കാലവസ്ഥ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും അതാത് സമയങ്ങളില്‍ നല്‍കുന്ന അലെര്‍ട്ടുകള്‍ ജില്ലാ തല നോഡല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക വാട്ട്‌സ്അപ്പ് ഗ്രൂപ്പിലും ഓഫീസര്‍മാരുടെ ഇ-മെയില്‍ വിലാസത്തിലും ലഭ്യമാക്കും. അത് കൃത്യമായി പരിശോധിച്ച്  അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു.  

കണ്‍ട്രോള്‍ റൂം: ഫോണ്‍ നമ്പറുകള്‍

പീരുമേട് താലൂക്ക് - 04869232077, ഉടുമ്പന്‍ചോല താലൂക്ക് -04868232050, ദേവികുളം താലൂക്ക് - 04865264231, ഇടുക്കി താലൂക്ക് - 04862235361, തൊടുപുഴ താലൂക്ക് - 04862222503, ജില്ലാ ദുരന്ത നിവാരണ സമിതി(ഡിഇഒസി) ഇടുക്കി - 04862233111, 04862233130, 9383463036