വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തും

post

വയനാട് : കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്താന്‍  സര്‍വ്വെ നടത്തുന്നു. വാക്സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരും ഇതുവരെ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാത്ത ആളുകള്‍,   ഒന്നാം ഡോസ് സ്വീകരിച്ച് നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് സ്വീകരിക്കാത്ത ആളുകള്‍ എന്നിവരുടെ വിവരങ്ങളാണ് സര്‍വ്വെയിലൂടെ ശേഖരിക്കുക. കുടുംബശ്രീ യൂണിറ്റുകളെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുളളത്. ഒക്ടോബര്‍ 13 മുതല്‍ 20 വരെ സര്‍വ്വേ നടത്തി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. 

ഗൂഗിള്‍ ഫോം മുഖേന നടത്തുന്ന സര്‍വ്വെയില്‍ ഒരു വീട്ടിലെ മുഴുവന്‍ ആളുകളുടെയും വാക്സിനേഷന്‍ വിവരങ്ങള്‍ ശേഖരിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്.  ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന അവസരത്തില്‍ പ്രയോജനപ്പെടുത്താനാണിത്. 18 വയസ്സിനു മുകളിലുള്ളവരുടെയും താഴെയുള്ളവരുടെയും വിവരങ്ങള്‍ പ്രത്യേകമായിട്ടാണ് രേഖപ്പെടുത്തുന്നത്.  ഒരോ വാര്‍ഡിലേയും എല്ലാ വീടുകളില്‍ നിന്നും വിവര ശേഖരണം നടത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പദ്ധതിയുടെ ജില്ല നോഡല്‍ ഓഫീസര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ ആയിരിക്കും.