തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിൽ - മുഖ്യമന്ത്രി

post

തിരുവനന്തപുരം : തീരദേശ പ്ലാന്‍ തയ്യാറാക്കാനുള്ള  നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ ബാബുവിന്റെ  അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 


തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നത് പരിസ്ഥിതി വകുപ്പാണ്. നിലവിലുള്ള നിയമപ്രകാരം തീരദേശപരിപാലന കരട് വിജ്ഞാപനം തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ ഇത് അവതരിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ചുരുങ്ങിയത് നോട്ടീസ് നല്‍കി ഒരു മാസത്തെ സമയമെങ്കിലും ഇക്കാര്യത്തില്‍ അനുവദിക്കേണ്ടതുണ്ട്. അതിനുശേഷം ഓരോ ജില്ലയിലും പൊതുജനങ്ങളെ കേള്‍ക്കേണ്ടതുണ്ട്. ഇതിന് സാധാരണ നിലയില്‍ രണ്ട് മാസത്തോളം സമയമെടുക്കും.


ഈ അഭിപ്രായങ്ങള്‍ സ്വീകരിച്ച് കരട് പ്ലാനില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാരിന്റെ ടെക്‌നിക്കല്‍ സ്‌ക്രൂട്ടണിംഗ് കമ്മിറ്റിയുടെ പരിശോധനക്ക് സമര്‍പ്പിക്കണം. ആ കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് കരട് പ്ലാന്‍ ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ അന്തിമ പ്ലാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയൂ.


ഇത്തരമൊരു നീണ്ട പ്രക്രിയയാണ് ഇതിനു പിന്നിലുള്ളത്. ഇപ്പോള്‍ വിജ്ഞാപനം ഇറക്കുന്നതിന് വൈകിയെന്ന വിമര്‍ശനമുന്നയിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ടത് കഴിഞ്ഞ വിജ്ഞാപനം തയ്യാറാക്കുന്നതിന് എട്ട് വര്‍ഷമെടുത്തുവെന്നതും നാം വിസ്മരിക്കരുത്.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ജനജീവിതവും കഴിഞ്ഞ രണ്ടു വര്‍ഷമായി സുഗമമായല്ല കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത്. പബ്ലിക് ഹിയറിംഗ് പോലുള്ള ഒരു രീതിയിലേക്ക് ഈ സാഹചര്യത്തില്‍ കടക്കുക എന്നത് പ്രയാസകരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടിക്രമങ്ങളിലേക്ക് യാതൊരു കാലവിളംബവും കൂടാതെ മുന്നോട്ടുപോവുകയാണ് ചെയ്തത്.  


2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ 18.01.2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ സംസ്ഥാനത്തിന് ലഭിച്ചത് 2019 ജൂണ്‍ മാസമാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി, അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന്റെ ഭാഗമായി തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് 20.08.2019-ലെ ഉത്തരവ് പ്രകാരം കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാനിന്റെ ആദ്യ കരട് തയ്യാറായിട്ടുണ്ട്. ഇതില്‍ ചില അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് 2021 ഏപ്രില്‍ മാസത്തില്‍ പ്രീ-ഡ്രാഫ്റ്റ് ലഭിച്ചപ്പോള്‍ തന്നെ കരട് തീരദേശ പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ച് 01.07.2021-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായത്. പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ ശ്രീ.പി.ഇസഡ്. തോമസ്, അഡ്വ.പി.ബി. സഹസ്രനാമന്‍ എന്നിവരുമാണ് സമിതി അംഗങ്ങള്‍.


ആദ്യ കരട് തീരദേശ പരിപാലന പദ്ധതി വിദഗ്ധ സമിതി പരിശോധിക്കുകയും താഴെപ്പറയുന്ന മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


1) കേരളത്തിലെ മിക്ക ഗ്രാമപഞ്ചായത്തുകളും നാഗരിക സ്വഭാവമുള്ളവയും 2011 സെന്‍സസ് നിര്‍വചന പ്രകാരമുള്ള നഗരങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുവയുമാണ്. സര്‍ക്കാര്‍ ഇത്തരം ഗ്രാമപഞ്ചായത്തുകളെ തരംതിരിച്ച് നഗരപ്രദേശങ്ങളായി പുനര്‍നാമകരണം ചെയ്യേണ്ടതാണ്. പ്രസ്തുത ഗ്രാമപഞ്ചായത്തുകളെ നഗരങ്ങളായി വിജ്ഞാപനം ചെയ്ത ശേഷം ഇവയെ CRZ- III കാറ്റഗറിയില്‍ നിന്നും CRZ – II കാറ്റഗറിയിലേക്ക് മാറ്റേണ്ടതാണ്. ഈ വിഷയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് 245 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നഗരപ്രദേശങ്ങളായി നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 161 ഓളം തീരദേശ പഞ്ചായത്തുകള്‍ക്ക് ഫലം ലഭിക്കുന്നതാണ്.

2) പൊക്കാളി പാടങ്ങളുടെ കാര്യത്തില്‍ വേലിയേറ്റ രേഖ ബണ്ടുകളില്‍ നിജപ്പെടുത്തേണ്ടതാണ്. ബണ്ടുകള്‍ക്കപ്പുറത്തേക്ക് വേലിയേറ്റ രേഖ നീട്ടുകയും ചെയ്യരുത്.

3) സര്‍ക്കാര്‍ ഭൂമിയിലെ 1,000 ചതുരശ്രമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമായി ബഫര്‍ സോണ്‍  50 മീറ്ററായി പരിമിതപ്പടുത്തുകയും വേണം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമുള്ള ബഫര്‍ ഏരിയ നീക്കം ചെയ്യേണ്ടതുമാണ്.


സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകളെ CRZ - III കാറ്റഗറിയില്‍ നിന്നും CRZ - II കാറ്റഗറിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. 06.10.2021 ല്‍ ജി.ഒ.(എം.എസ്) 226/2021/തദ്ദേശസ്വയംഭരണ വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള പൊതുഉത്തരവിലെ 245 ഗ്രാമപഞ്ചായത്തുകളാണ് CRZ - ന്റെ പരിധിയില്‍ വരുന്നത്. അതില്‍ 161 പഞ്ചായത്തുകള്‍ CRZ - III യില്‍ നിന്ന് CRZ - II കാറ്റഗറിയിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലെ ബില്‍റ്റ് അപ്പ് പ്ലോട്ട് ഏരിയ കണക്കാക്കുന്നതിന് കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോന്‍മെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


പൊക്കാളി പാടങ്ങളുടെ കാര്യത്തില്‍ വേലിയേറ്റ രേഖ ബണ്ടുകളില്‍ നിജപ്പെടുത്തുന്നത് സംബന്ധിച്ച്  CRZ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുന്നതിന് 28.09.2021 ല്‍ Kerala Coastal Zone Management Authority (KCZMA ) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.


KCZMA നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രാഫ്റ്റ് പ്ലാനില്‍ തിരുത്തലുകള്‍ വരുത്തുന്ന നടപടി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിവരുന്നു.

2019 ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള കരട് തീരദേശ പരിപാലന പ്ലാന്‍ തയ്യാറായി കഴിഞ്ഞാല്‍ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുന്ന പത്ത് തീരദേശ ജില്ലകളിലും പബ്ലിക് ഹിയറിംഗ് നടത്തുന്നതാണ്. പ്രസ്തുത പബ്ലിക് ഹിയറിംഗില്‍ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റിന്റെ സാങ്കേതിക പരിശോധന കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുകയും ആവശ്യമായ തിരുത്തലോടെ കരട് തീരദേശ പരിപാലന പ്ലാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി സമര്‍പ്പിക്കുകയും ചെയ്യും.


തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത പ്ലാന്‍ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സമയബന്ധിതമായി സമര്‍പ്പിക്കുന്നതാണ്. ചുരുങ്ങിയത് ആറു മാസം ഇതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു കാലതാമസവും വരുത്തുന്നില്ല.


വേമ്പനാട്ട് കായലിനായുള്ള പ്രത്യേക സമഗ്ര പദ്ധതി സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ മുഖാന്തിരം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 140.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാച്ച്‌മെന്റ് ഏരിയ കണ്‍സര്‍വേഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണമേന്മ, എക്കല്‍ അടിയുന്നത് എന്നിവ നിരന്തരം മേല്‍നോട്ടത്തിന് വിധേയമാക്കുന്നുണ്ട്.


ഇതോടൊപ്പം സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി തണ്ണീര്‍ത്തട അതോറിറ്റിക്ക് വേണ്ടി വെസ്റ്റ്‌ലാന്റ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ പരിഗണനയിലുമാണ്.


പ്രകൃതിസംരക്ഷണം, തീരദേശപാലനം ജനങ്ങളുടെ ജീവിതം എന്നിവ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകുന്ന വികസനനയമാണ് സര്‍ക്കാരിനുള്ളത്. കേരളത്തിന്റെ പ്രത്യേക പരിസ്ഥിതിയില്‍ ഗ്രാമ-നഗര വ്യത്യാസം വളരെ ലോലമാണ്. അതിനാല്‍ തന്നെ നഗര സ്വഭാവമുള്ള പ്രദേശങ്ങളെയെല്ലാം CRZ-II ല്‍ ഉള്‍പ്പെടുത്തി പരമാവധി തീരദേശവാസികളെയും അവരുടെ ജീവനോപാധികളെയും സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. ഇതിനായി സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.


കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തീരദേശ പരിപാലനമടക്കമുള്ള പാരിസ്ഥിതിക കാര്യങ്ങളും ജനജീവിത സംരക്ഷണമുള്‍പ്പെടെയും വിധമുള്ള വികസന പ്രവര്‍ത്തനങ്ങളും ഒരുപോലെ മുമ്പോട്ടുകൊണ്ടു പോവുന്ന നയമാണ് കേരള സര്‍ക്കാരിനുള്ളത്. പരിസ്ഥിതി സൗഹൃദ വികസന നയമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.


കഴിഞ്ഞ  സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി സംബന്ധിച്ച ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 


നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണ് - ജല സംരക്ഷണത്തിനു കൃഷിപരിപാലനത്തിനും സമഗ്രമായി പദ്ധതി ജനകീയ ക്യാമ്പയിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രാദേശിക ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പരിഷ്‌ക്കരിക്കകയും അത് 5 വര്‍ഷംകൊണ്ട് നേടേണ്ട ജൈവവൈവിധ്യത്തിനുള്ള പ്രാദേശിക പരിപാടികളും തയ്യാറാക്കുന്നുണ്ട്. കായലുകളെയും പുഴകളെയും നൂതന സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തി മാലിന്യരഹിതമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണപദ്ധതിയും ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇടുക്കി - വയനാട് പാക്കേജുകള്‍ ഇക്കാര്യത്തില്‍ മാതൃക സൃഷ്ടിക്കും.

 

പരിസ്ഥിതി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ നിര്‍വ്വഹിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഉതകുന്ന സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കും. വിപുലമായ ബോധവത്ക്കരണവും ജനകീയപങ്കാളിത്തവും ഇതിനായി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.