കനിവ് സഞ്ചരിക്കുന്ന ആതുരാലയം ഉദ്ഘാടനം ചെയ്തു

post

വയനാട് : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച കനിവ് സഞ്ചരിക്കുന്ന ആതുരാലയം സംസ്ഥാന ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍. കേളു എം.എല്‍.എ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. ജീവിതശൈലി രോഗമുള്ള വയോജനങ്ങള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 3500 ഗുണഭോക്താകള്‍ക്ക് പദ്ധതി സഹായകമാവും. മാസത്തില്‍ ഒരിക്കല്‍ 26 കേന്ദ്രങ്ങളില്‍ ആതുരാലയം എത്തും. 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. വിജയന്‍, എ. എന്‍. സുശീല, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ സാവന്‍ സാറ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ.കെ. മുബാറക്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു