ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

post

പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് നവംബര്‍ ആദ്യവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന ആശുപത്രിയില്‍ 5 ഡയാലിസിസ് കിടക്കകള്‍ സജ്ജീകരിച്ച് സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കെ എം എസ് സി എല്‍ ഉപകരണങ്ങളും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. യൂണിറ്റിലേക്കുള്ള ജനറേറ്റര്‍ ഒക്ടോബര്‍ 20 നകം എത്തിക്കും. ഇതോടെ നവംബര്‍ ആദ്യ വാരത്തില്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും. ഇതിനായി കെ എം എസ് സി എല്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിയമസഭയില്‍ അറിയിച്ചു. യൂണിറ്റിനെ സംബന്ധിച്ച് കെ ഡി പ്രസേനന്‍ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. സംസ്ഥാനത്തെ 44 ആശുപത്രികളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ ഒന്നാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രി.

ജനറേറ്ററിനോടൊപ്പം രോഗികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭന സാധ്യത കണക്കിലെടുത്ത് ദ്രുത ചികിത്സക്കുള്ള ഡിഫിബ്രില്ലേറ്ററുകള്‍ സെന്ററില്‍ സജ്ജമാക്കും. ഹൃദയാഘാതം സംഭവിച്ച വ്യക്തിയുടെ ഹൃദയപേശികള്‍ക്ക് വൈദ്യുത ഷോക്ക് നല്‍കിക്കൊണ്ട്  ഹൃദയകോശങ്ങളെ വീണ്ടും സമന്വയിപ്പിക്കാനും ഹൃദയം സാധാരണ വേഗതയില്‍ അടിക്കാന്‍ തുടങ്ങുന്നതിനുമാണ് ഡിഫിബ്രില്ലേറ്ററുകള്‍ ഉപയോഗിക്കുന്നത്. പ്രാഥമികമായി ഡയാലിസിസിന് അപേക്ഷ നല്‍കിയ 80 പേരില്‍ നിന്നും സങ്കീര്‍ണതകളിലാത്ത 10 രോഗികള്‍ക്കാണ് ചികിത്സ നല്‍കുക. യൂണിറ്റിലെ നഴ്സുമാര്‍ക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും പരിശീലനം നല്‍കി കഴിഞ്ഞു.  ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.