വരുമാന വര്‍ധനയും ആസ്തിവികസനവും മെച്ചപ്പെടുത്തും

post

തൊഴിലുറപ്പ് പദ്ധതി വിപുലീകരണത്തിന് നടപടികള്‍

കൊല്ലം: പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിച്ച് മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുമെന്ന് പദ്ധതി ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കവെയാണ് വ്യക്തമാക്കല്‍.

അവിദഗ്ധ തൊഴിലാളികളെ നൈപുണ്യമുള്ളവരാക്കി മാറ്റുന്നതിന് ഊന്നല്‍ നല്‍കും. ഗ്രാമീണര്‍ക്ക് പരമാവധി തൊഴിലവസരം സൃഷ്ടിക്കും. സ്‌കൂളുകളുടെ ഭൗതിക സാഹചര്യ വികസനം, അംഗന്‍വാടികളുടെ നിര്‍മിതി, ജലസ്രോതസുകളുടെ സംരക്ഷണം, മത്സ്യകുളങ്ങളുടെ നിര്‍മാണം, തരിശിടങ്ങള്‍ കൃഷിയോഗ്യമാക്കല്‍, മൃഗസംരക്ഷണ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിദ്ധ്യമുള്ള തൊഴില്‍ മേഖലകളാണ് പ്രയോജനപ്പെടുത്തുക. ആവര്‍ത്തന സ്വഭാവമുള്ള പദ്ധതികള്‍ സമര്‍പ്പിക്കരുതെന്ന് വകുപ്പ്  മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാര്‍ശ്വവത്കൃത കുടുംബങ്ങള്‍ക്ക് വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. ഇതിനായി വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണ്. പദ്ധതികള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന ചിലവ് വിവരം കൂടി ഉള്‍പ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രകൃതിവിഭവ പരിപാലന പദ്ധതികള്‍ സമര്‍പിക്കാന്‍ ഹരിത-ശുചിത്വ മിഷനുകള്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.