ഈരാറ്റുപേട്ട ഇ-ലേണ്‍ ചലഞ്ച് പദ്ധതി; 114 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി

post

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ ഇ- ലേണ്‍ ചലഞ്ച് പദ്ധതിയിലൂടെ 114 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി.  ജനകീയ പങ്കാളിത്തത്തോടെ നഗരസഭാ പരിധിയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മൂന്നു മാസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. നഗരസഭാ പരിധിയിലെ 12 സ്‌കൂളുകളിലെയും പരിധിയില്‍ ഉള്‍പ്പെടാത്ത മൂന്നു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയില്‍ മൂന്നു ഘട്ടമായി മൊബൈല്‍ ഫോണുകള്‍ നല്‍കിയത്. സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ നല്‍കിയ പട്ടിക പ്രകാരം ഓണ്‍ലൈന്‍ പഠന സംവിധാനമില്ലാത്ത 200 കുട്ടികളെ കണ്ടെത്തിയിരുന്നു. 7000 രൂപ വിലയുള്ള ഫോണാണ് നല്‍കിയത്. മൊബൈല്‍ റേഞ്ച് ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ അങ്കണവാടികള്‍ മുഖേന സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിയിലേക്ക് ഇപ്പോഴും അപേക്ഷകള്‍ എത്തുന്നുണ്ട്. ഇവര്‍ക്കും മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള ശ്രമത്തിലാണ് നഗരസഭയെന്നും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കി സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും ആക്ടിങ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു.