ഡിസംബറില്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികള്‍ ജലജീവന്‍ മിഷന്റെ ഭാഗമാകും

post

കാസര്‍കോട്: ജല അതോറിറ്റി മുഖേന നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ ഡിസംബര്‍ മാസത്തോടെ ജലജീവന്‍ മിഷന്റെ ഭാഗമാകും. ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതികള്‍ക്കായി നിക്ഷേപിച്ച തുകക്ക് പുറമെ എം.എല്‍.എ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാവുന്ന മുറക്ക് ഇതിനായി ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ തുക നിക്ഷേപിക്കുമ്പോള്‍ അതാത് വകുപ്പുകളെ അറിയിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു ആസൂത്രണ സമിതി യോഗം. നേരത്തെയുള്ള പദ്ധതികളുടെ അവലോകനം, സംയുക്ത പദ്ധതികളുടെയും നൂതന പദ്ധതികളുടെയും അവതരണം തുടങ്ങിയവയാണ് യോഗത്തില്‍ നടത്തിയത്. 

വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. സംയുക്ത പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഗ്രാമ പഞ്ചായത്തുകളുടെ നല്ല ഇടപെടല്‍ വേണം. ജില്ലയില്‍ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതിക്കായി പല പഞ്ചായത്തുകളും തുക നീക്കിവെച്ചിട്ടില്ലെന്നും തെരുവ് നായയുടെ കടിയേറ്റ് പേ വിഷബാധയെത്തുടര്‍ന്ന് ഒരു കുട്ടി മരിക്കാനിടയായ സാഹചര്യത്തിലെങ്കിലും പദ്ധതി പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയില്‍ പൊതുമേഖലയില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബര്‍ 15ന് പൂര്‍ത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. സംയുക്ത പദ്ധതിയായി നേരത്തെ അംഗീകരിച്ച കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ആനമതിലിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ബഹുവര്‍ഷ പദ്ധതിയെന്ന നിലയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നൂതന പദ്ധതികള്‍ സംബന്ധിച്ച് ബുധനാഴ്ചക്കകം (ഒക്ടോബര്‍ 13) പഞ്ചായത്തുകള്‍ നിര്‍ദേശം സമര്‍പ്പിക്കണം.  ജില്ലാതലത്തില്‍ നടത്തുന്ന പരിശോധനക്ക് ശേഷം ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റി നൂതന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ അറിയിച്ചു.