സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യൂമോകോക്കല്‍ വാക്‌സിന്‍ വിതരണം തുടങ്ങി

post

കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പിസിവി) വിതരണം ആരംഭിച്ചു. വില കൂടിയ ഈ വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ മാത്രമായിരുന്നു മുമ്പ് ലഭ്യമായിരുന്നത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു.

ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്നു കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് പിസിവി വാക്‌സിന്‍. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യൂമോണിയ അഥവാ ന്യുമോകോക്കസ് പരത്തുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ആറ് ആഴ്ച, 14 ആഴ്ച, ഒമ്പത് മാസം എന്നീ ഇടവേളകളിലാണ് വാക്സിന്‍ നല്‍കുക. ഒരു ഡോസിന് സ്വകാര്യ ആശുപത്രികളില്‍ 2000 രൂപയാണ് ഈടാക്കുന്നത്. ചെലവേറിയത് കാരണം എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കാറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെ സൗജന്യമായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഇനി വാക്സിന്‍ ലഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സിന്‍ ലഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് നല്‍കുക.