മധുവൂറും കാട്ടുതേനുമായി കമ്മാടിയിലെ തേന്‍ഗ്രാമം

post

കാസര്‍കോട് : കാടുകയറി കമ്മാടി ഊരിലെത്തിയാല്‍ മധുവൂറും കാട്ടുതേന്‍ കുടിച്ച് മടങ്ങാം. കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ മേഖലയിലെ ജനങ്ങളുടെ  ഉപജീവന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ ആരംഭിച്ച തനത് പരിപാടിയാണ്  തേന്‍ഗ്രാമം. കമ്മാടിയിലെ തേന്‍ഗ്രാമത്തില്‍നിന്ന് 2022 മാര്‍ച്ചോടെ 100 കിലോ തേന്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗതമായി വനത്തില്‍ നിന്നും തേന്‍ ശേഖരിക്കുന്ന പട്ടികവര്‍ഗ സമുദായമാണ് കുടിയ വിഭാഗം. ഇവരുടെ ഉപജീവനത്തെ പ്രോത്സാഹിപ്പിക്കാനാണ് ആധുനിക തേന്‍ കൃഷിരീതിയില്‍ കുടിയ വിഭാഗക്കാരായ വനിതകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞ ജനുവരിയില്‍ കുടുംബശ്രീ പദ്ധതി ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ 12 വനിതകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രവര്‍ത്തനം  ആരംഭിച്ചത്. ജ്വാല ഹണി യൂണിറ്റ്, സ്നേഹ ഹണി യൂണിറ്റ് എന്ന പേരില്‍ അഞ്ച് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.  കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തേന്‍വളര്‍ത്തലില്‍ പരിശീലനവും 2021-22 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ പ്രത്യേക ഉപജീവന ഫണ്ടും, ഫാം ലൈവ്‌ലിഹുഡ് പദ്ധതി ഫണ്ടും  സംരംഭകര്‍ക്ക് ലഭ്യമാക്കി. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ആദ്യ വിളവെടുപ്പില്‍ കമ്മാടി കാട്ടുതേന്‍ എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കിയ തേനിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ വിളവെടുപ്പില്‍ 35 കിലോ തേന്‍ ആണ് ലഭിച്ചത്. ഇത് മാര്‍ച്ചോടെ 100 കിലോയിലേക്ക് എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ആദ്യഘട്ട വിളവെടുപ്പിന് ശേഷം തേനീച്ചപെട്ടികളുടെ ഡിവിഷന്‍ ചെയ്യുന്നതിനുള്ള രണ്ടാം ഘട്ട ശാസ്ത്രീയ പരിശീലനം കമ്മാടി ഊരില്‍ നടന്നു.  പരിപാടിയില്‍ കുടുംബശ്രീ ജില്ലമിഷന്‍ അസി. കോഓര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തുമല, കുടുംബശ്രീ ട്രൈബല്‍ പ്രോഗ്രാം മാനേജര്‍ പി.രത്നേഷ്, കോ ഓര്‍ഡിനേറ്റര്‍ എം.മനീഷ്, അനിമേറ്റര്‍ ലക്ഷ്മി, സി ഡി എസ് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.