സാമൂഹിക പങ്കാളിത്തത്തോടെ സ്‌കൂളുകള്‍ ശുചീകരിക്കും

post

കൊല്ലം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സാമൂഹിക പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അധ്യാപക-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അധ്യാപക-അനധ്യാപക യുവജന സംഘടനാ പ്രധിനിധികള്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യ വകുപ്പ്, പോലീസ്, ജലഅതോറിറ്റി, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് തദ്ദേശ തലത്തില്‍ ഒക്ടോബര്‍ 12 നകം പ്രത്യേക യോഗം ചേരാനും നിര്‍ദ്ദേശം നല്‍കി.

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കി  ഒക്ടോബര്‍ 15 നകം കൈമാറണം. സപ്ലൈകോയുടെ പാക്കിംഗ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളും ഇതേരീതിയില്‍ പൂര്‍ത്തീകരിക്കണം.  

എല്ലാ സ്‌കൂളുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം. കിണറുകള്‍, കുടിവെള്ള സംഭരണികള്‍ എന്നിവ ശുദ്ധീകരിക്കണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും.  ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കും.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 69 സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിച്ചിട്ടുണ്ട്. ഓരോ വിദ്യാര്‍ത്ഥിക്കും ഏഴ്  നോട്ട്ബുക്കുകള്‍ വീതം ക്ലാസുകള്‍ ആരംഭിക്കുന്ന ദിവസം സൗജന്യമായി നല്‍കും. ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചു.

സ്‌കൂള്‍ ബസുകള്‍ക്ക് പരമാവധി വേഗത്തില്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ആര്‍.ടി.ഒ., കെ. സ് ആര്‍. ടി. സി. വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരും.

അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും എന്ന് അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. അംഗങ്ങളായ എന്‍. എസ്. പ്രസന്ന കുമാര്‍, പ്രിജി ശശിധരന്‍, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ  ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍, അധ്യാപക-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.