വിരിപ്പ് നെല്‍കൃഷി വിളവെടുപ്പ് ഒക്ടോബര്‍ 11 മുതല്‍; ഒരുക്കമായി

post

കോട്ടയം: വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള തയാറെടുപ്പുകളായി. ജില്ലയില്‍ 4653.13 ഹെക്ടറിലാണ് വിരിപ്പ് നെല്‍കൃഷി ചെയ്തിട്ടുള്ളത്. തയാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കൂടിയ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പാടശേഖരസമിതികളുടെയും യോഗം വിലയിരുത്തി. 

ഒക്ടോബര്‍ 11ന് ആരംഭിച്ച് ഡിസംബര്‍ 31ന് വിളവെടുപ്പ് അവസാനിക്കും. തുടക്കത്തില്‍ എട്ടു കൊയ്ത്തു-മെതി യന്ത്രങ്ങളാണ് ആവശ്യം. കൊയ്ത്ത് വ്യാപകമാകുന്നതോടെ ദിവസം 60 യന്ത്രങ്ങള്‍ വേണ്ടിവരും. സര്‍ക്കാര്‍ മേഖലയില്‍ 20 കൊയ്ത്തു-മെതി യന്ത്രങ്ങള്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ് യോഗത്തെ അറിയിച്ചു. കൃഷി എന്‍ജിനീയറിങ് വിഭാഗത്തിന് ഏഴും കെയ്‌കോയ്ക്ക് ആറും സ്മാം പദ്ധതി പ്രകാരമുള്ള ഏഴു യന്ത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

കൂടുതല്‍ ആവശ്യമായ യന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍നിന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. കൊയ്ത്തു-മെതി യന്ത്രങ്ങളുടെ വാടക നിരക്ക് ഏകീകൃതമായി നിശ്ചയിക്കുന്നതിനായി സ്വകാര്യമേഖലയിലെ ഉടമകളുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും യോഗം ഒക്ടോബര്‍ 11ന് കളക്ട്രേറ്റില്‍ ചേരും. കൊയ്ത്തുമായി ബന്ധപ്പെട്ട് നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും കൃഷി ഓഫീസര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. നെല്ലു സംഭരണത്തിനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. 

 വിവിധ പഞ്ചായത്തുകളിലെ വിരിപ്പ് കൃഷി വിവരങ്ങള്‍ 

(ഗ്രാമപഞ്ചായത്ത്, പാടശേഖരങ്ങളുടെ എണ്ണം, കൃഷി സ്ഥലത്തിന്റെ വിസ്തൃതി എന്ന ക്രമത്തില്‍)

ആര്‍പ്പൂക്കര- 16, 908.75 ഹെക്ടര്‍

അയ്മനം-18, 813.166 ഹെക്ടര്‍

കുമരകം-9, 428.4 ഹെക്ടര്‍

നീണ്ടൂര്‍-1, 99.2 ഹെക്ടര്‍

തിരുവാര്‍പ്പ്-2, 84 ഹെക്ടര്‍

വെച്ചൂര്‍-27, 1314.55 ഹെക്ടര്‍

തലയാഴം-14, 579.13 ഹെക്ടര്‍

കല്ലറ-16, 425.93 ഹെക്ടര്‍