കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്‍ ജില്ലാതല ഉദ്ഘാടനം നടത്തി

post

എറണാകുളം: യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്റെ (പിസിവി) ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍  ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. 

സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ്  രോഗാണു പരത്തുന്നതാണ് ന്യൂമോകോക്കല്‍ രോഗം . ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍  വാക്സിന്‍ ഫലപ്രദമാണ്. 

 ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകാതിരിക്കുന്നതിന്  വാക്സിന്‍ വലിയ രീതിയില്‍ പ്രതിരോധം തീര്‍ക്കും.   കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയിലാണ്  വാക്സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്സിന്‍ നല്‍കേണ്ടത്. മറ്റ് വാക്സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്.

ഒരു വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണകാരണമായേക്കാവുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്ന  പി സി വി വാക്സിന്‍ കൃത്യസമയത്ത് നല്‍കി  കുട്ടികളെ ഈ രോഗങ്ങളില്‍ നിന്നും സുരക്ഷിതരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.