കഞ്ഞിക്കുഴിയിലെ റോഡുകള്‍ സഞ്ചാര സൗഹൃദമാകും

post

ആലപ്പുഴ: പച്ചക്കറി കൃഷിയിലും പൂ കൃഷിയിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഇനി സഞ്ചാര സൗഹൃദ റോഡുകളൊരുക്കും. പഞ്ചായത്തിലെ എല്ലാ റോഡുകളും അഞ്ചു വര്‍ഷം കൊണ്ട് സഞ്ചാര സൗഹൃദമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. 

ഇതിന്റെ ഭാഗമായി റോഡിന് ഇരുവശവും പൂച്ചെടികള്‍ വെച്ചു പിടിപ്പിക്കും. വഴിവിളക്കുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം മോടിപിടിപ്പിക്കും. റോഡിന്റെ ഒരുവശവും ബോട്ടില്‍ ബൂത്തുകളും സജ്ജമാക്കും. 

ഗ്രാമങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി  കാര്‍ഷിക മേഖലയേയും പരമ്പരാഗത മേഖലയേയും പദ്ധതിയിലൂടെ കൂട്ടിയിണക്കാന്‍ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ പറഞ്ഞു. 

റോഡുകള്‍ മനോഹരമാകുമ്പോള്‍ ഗ്രാമത്തില്‍ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു ആശയം ഒരു പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരും ഇതിന്റെ ഭാഗമാകും. 

ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഒരോ വാര്‍ഡിലെയും ഒരു റോഡ് മോടി പിടിപ്പിക്കും. തുടര്‍ന്ന് അഞ്ചു വര്‍ഷം കൊണ്ട് മറ്റു് റോഡുകളും സഞ്ചാര സൗഹൃദമാക്കി മാറ്റും.