വായ്പയ്ക്ക് വരുന്നവരോടും സൗഹാര്‍ദ്ദപരമായി ഇടപെടണം: സഹകരണ മന്ത്രി

post

കേരള ബാങ്ക് അവലോകന യോഗം ചേര്‍ന്നു

തിരുവനന്തപുരം : വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റില്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞതായി യോഗം വിലയിരുത്തി. വരും മാസങ്ങളിലും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ സജീവമായി നടപ്പിലാക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനിടയില്‍ ഇത്രയധികം നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനായി പ്രവര്‍ത്തിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് കുറഞ്ഞ കാലയളവിനുള്ളില്‍ ബാങ്കിനെ പ്രവര്‍ത്തന ലാഭത്തിലേയ്ക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ചെറുകിട കച്ചവടക്കാരെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനായി 5 ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തില്‍ താഴെ കുടിശികയുള്ളതുമായ വായ്പകളില്‍ മുതലില്‍ ഇളവു നല്‍കാനുള്ള അപേക്ഷ  സര്‍ക്കാരിനു നല്‍കാന്‍ യോഗം തീരുമാനിച്ചു. ബോധപൂര്‍വ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയര്‍, മരണപ്പെട്ടവര്‍, മാരക രോഗം ബാധിച്ചവര്‍, അപകടം മൂലം കിടപ്പിലായവര്‍, കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതില്‍ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവര്‍, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവര്‍ തുടങ്ങിയവര്‍ക്കായിരിക്കും വായ്പാ മുതലില്‍ ഇളവ് ലഭിക്കുക.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാര്‍ക്കും ബസ് ഉടമകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നല്‍കുന്നതിനായി തയ്യാറാക്കിയ കെബി സുവിധ പദ്ധതി ആരംഭിക്കുന്നതിനും തീരുമാനമായി.

അവലോകന യോഗത്തില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് എം. കെ. കണ്ണന്‍, സിഇഒ പി.എസ്. രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനെജര്‍മാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.