ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ മാസാചരണത്തിന് തുടക്കമായി

post

ലഹരി അത്യാപത്ത് -  മന്ത്രി കെ. എന്‍. ബാലഗോപാല്‍

കൊല്ലം : അമിതമായ ലഹരി ഉപയോഗം സമൂഹത്തിനെ അത്യാപത്തിലേക്ക് നയിക്കും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിപുല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ലഹരി വര്‍ജ്ജന ബോധവല്‍ക്കരണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെ പറഞ്ഞു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് 'വിമുക്തി' പദ്ധതി വഴി എക്സൈസ് വകുപ്പ് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോം മുഖേനയും ലഹരി മരുന്നുകളുടെ വില്‍പ്പന വ്യാപകമാകുന്നത് കണ്ട് കര്‍ശന പരിശോധനാ സംവിധാനമാണ് വകുപ്പ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ട്, നഗരസഭ അധ്യക്ഷന്‍ എ. ഷാജു, ജില്ലാ വിമുക്തി മിഷന്‍ മാനേജര്‍ വി. എ. പ്രദീപ്, എക്സൈസ് സംഘടനാ ഭാരവാഹികളായ ജി. ഉദയകുമാര്‍, സന്തോഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.