അര്‍ഹര്‍ക്കെല്ലാം ആനുകൂല്യം നല്‍കി: മന്ത്രി കെ. എന്‍. ബാലഗോപാല്‍

post

കൊല്ലം : അര്‍ഹരായവരിലേക്കെല്ലാം അനുകൂല്യം എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹരാല്ലാത്തവരെ ഒഴിവാക്കി ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് മുന്‍ഗണന കാര്‍ഡ് വിതരണം ചെയ്യുകയെന്ന വലിയ ദൗത്യമാണ് വിജയകരമായി നടപ്പിലാക്കിയത്. അനര്‍ഹരായവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സാഹചര്യത്തില്‍ അതി ശക്തമായ നിലപാടാണ് കൈക്കൊണ്ടത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊട്ടാരക്കര താലൂക്ക് പരിധിയിലെ 1994 പേര്‍ക്കാണ് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചത്. ചടങ്ങില്‍ ആറ് പേര്‍ക്ക് മന്ത്രി കാര്‍ഡ് കൈമാറി.

നഗരസഭാ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, നഗരസഭാ അംഗങ്ങളായ എസ്. ആര്‍. രമേശ്, ഉണ്ണികൃഷ്ണ മേനോന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാ ദേവി, കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ ജോണ്‍ തോമസ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ ഡി .ഓമനക്കുട്ടന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.