പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു

post

സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാം

തിരുവനന്തപുരം  : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് അടുത്തയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയില്‍വെ മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു.  കഴിഞ്ഞ ദിവസം റെയില്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് സതേണ്‍ റെയില്‍വെ മാനേജരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

06639 പുനലൂര്‍-തിരുവനന്തപുരം, ഒക്ടോബര്‍ ആറിനും 06640 തിരുവനന്തപുരം-പുനലൂര്‍ ഒക്ടോബര്‍ ഏഴിനും ഓടിത്തുടങ്ങും.  06431 കോട്ടയം-കൊല്ലം, 06425 കൊല്ലം-തിരുവനന്തപുരം, 06435 തിരുവനന്തപുരം-നാഗര്‍കോവില്‍ എന്നീ ട്രെയിനുകള്‍ ഒക്ടോബര്‍ എട്ടിനും ഓടിത്തുടങ്ങും.  ഈ തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും.  ഈ ട്രെയിനുകള്‍ എല്ലാം സ്പെഷ്യല്‍ ട്രെയിനുകളായാണ് ഓടുകയെന്നും റെയില്‍വെ അറിയിച്ചതായി മന്ത്രി പറഞ്ഞു.