മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു

post

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങള്‍ക്കുള്ള മുന്‍ഗണനാ റേഷന്‍കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുത്ത അര്‍ഹതപ്പെട്ടവര്‍ക്കുള്ള കാര്‍ഡുകളും ചടങ്ങില്‍ ധനമന്ത്രി കൈമാറി. നാളെ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെ ജനപ്രതിനിധികള്‍ ബാക്കി കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

അനര്‍ഹര്‍ കൈവശംവച്ചിരുന്ന 1,42,187 കാര്‍ഡുകളാണ് കഴിഞ്ഞ 22 വരെ സര്‍ക്കാരിലേക്ക് തിരികെ ലഭിച്ചത്. അതില്‍ 1.20 ലക്ഷം കാര്‍ഡുകളാണ് സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അവര്‍ ഈ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചത്. ഏകദേശം ഇത്രത്തോളം അനര്‍ഹര്‍ ഇപ്പോഴും മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അവര്‍ക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കുമ്പോള്‍ അത്രയും അര്‍ഹരായ ജനങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതെന്ന് ഓര്‍ക്കണം. അനര്‍ഹര്‍ ലിസ്റ്റില്‍ കടന്നുകൂടുന്നത് എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇതിന് ഉദാഹരണമാണ്. ഒരുകാലത്ത് അതിസമ്പന്നതയില്‍ കഴിഞ്ഞ ബോര്‍ഡാണിത്. നിലവില്‍ നാല് ലക്ഷംപേര്‍ ബോര്‍ഡില്‍നിന്നും ആനുകൂല്യം പറ്റുന്നുണ്ട്. 15 ലക്ഷം പേര്‍ ലിസ്റ്റില്‍ ഇനിയുമുണ്ട്. ഇവര്‍കൂടി എത്തുമ്പോള്‍ എന്താവും അവസ്ഥയെന്ന് ചിന്തിക്കാവുന്നതാണ്. ഇപ്പോള്‍തന്നെ അടിയന്തര ഘട്ടങ്ങളില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമായി വരുന്നുണ്ട്. ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റുന്നത് സമൂഹത്തോട് ചെയ്യുന്ന തെറ്റാണെന്ന് ഇത്തരക്കാര്‍ മനസിലാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇപ്പോഴുള്ള മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം ഒക്ടോബര്‍ 15 നകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. പൊതുചടങ്ങുകള്‍ സംഘടിപ്പിച്ചായിരിക്കും ഇവ വിതരണം ചെയ്യുന്നത്. ആര്‍ക്കാണ് കാര്‍ഡുകള്‍ നല്‍കുന്നതെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ട്. അനര്‍ഹര്‍ വീണ്ടും കടന്നുകൂടാതിരിക്കാന്‍ ഇത് സഹായകമാവും. പാവപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ സൗജന്യചികിത്സയടക്കം ലഭ്യമാകുന്നതിന് മുന്‍ഗണനാ കാര്‍ഡുകള്‍ കിട്ടേണ്ടതുണ്ട്. അനര്‍ഹരുടെ കടന്നുവരവ് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ചികിത്സയെ പോലും പ്രതിസന്ധിയിലാക്കുന്നു. അത്തരം അവസ്ഥ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിലൂടെ ആറ് ലക്ഷം പേര്‍ക്കാണ് ഗുണം ലഭിക്കുകയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു ചൂണ്ടിക്കാട്ടി. സൗജന്യ ചികിത്സ മാത്രമല്ല, ലൈഫ് പദ്ധതിയില്‍ അടക്കം ഉള്‍പ്പെടുന്നതിനും പാവപ്പട്ടവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഷീലാകുമാരി, എസ്. ജനനി, ലീല, ജി. മുഹമ്മദ് ഫാത്തിമ, വി. മഞ്ജു, വാസന്തി തുടങ്ങിയവര്‍ ധനമന്ത്രിയില്‍നിന്നും മുന്‍ഗണനാ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ഡര്‍ ഡോ. സജിത് ബാബു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണി നന്ദിയും പറഞ്ഞു.