കൊവിഡ് 19 മൊബൈല്‍ വാക്സിനേഷന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ മൊബൈല്‍ സയന്‍സ് എക്സ്പ്ലോറേറ്ററി ബസ് മൊബൈല്‍ കൊവിഡ് 19 വാക്സിനേഷന്‍ സെന്ററായി ഉപയോഗിക്കുന്നതിന് ആറ് മാസത്തേക്ക് സര്‍ക്കാരിന് സൗജന്യമായി നല്‍കി. ഇതിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ഒരു സംഘം ബസില്‍ സഞ്ചരിച്ച് വാക്സിനേഷന്‍ ലഭ്യമാക്കും.

55 ലക്ഷം രൂപയോളം ചെലവ് ചെയ്താണ് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എ.സി ബസ് ഒരുക്കിയത്. വാസ്‌കിനേഷന്‍ കഴിഞ്ഞവര്‍ക്ക് ബസിന്റെ വശങ്ങളില്‍ ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. അവരെ ബോധവല്‍ക്കരിക്കുവാനുള്ള വിവിധ ഓഡിയോ വിഷ്വല്‍ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. വാക്സിന്‍ എടുക്കുവാന്‍ വരുന്നവര്‍ക്ക് വായിക്കുവാന്‍ പുസ്തക കോര്‍ണറും സജ്ജീകരിച്ചിട്ടുണ്ട്. ടെലി മെഡിസിനെക്കുറിച്ച് വിവരങ്ങളറിയുവാനുള്ള സംവിധാനവും ലഭ്യമാണ്. ബസില്‍ ഘടിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി സംവിധാനത്തിലൂടെ എട്ട് കോടിയില്‍പ്പരം പുസ്തകങ്ങള്‍ വാക്സിന്‍ എടുക്കുവാന്‍ വരുന്നവര്‍ക്ക് വായിക്കാനാവും.