പള്ളിക്കല്‍ കുടിവെള്ള പദ്ധതി : നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

post

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

മലപ്പുറം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 30 കോടിയുടെ ഭരണാനുമതിയും 22.5 കോടിയുടെ ടെന്‍ഡര്‍ നടപടിയും പൂര്‍ത്തീകരിച്ച് പള്ളിക്കല്‍  ഗ്രാമപഞ്ചായത്തിലേക്ക് ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്ന് ശുദ്ധജലം എത്തിക്കുന്ന വിതരണ ശൃംഖലയുടെ പ്രവൃത്തി ത്വരിതപ്പെടുത്താന്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം.   പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ത്ത ജനപ്രതിധികള്‍, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വിഭാഗം, റവന്യൂ വിഭാഗം,പഞ്ചായത്ത് സാങ്കേതിക വിഭാഗം, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, എന്നി വിഭാഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കാക്കഞ്ചേരി - കൊട്ടപ്പുറം റോഡ് റബറൈസ് ചെയ്യുന്നതിന്റെ മുമ്പായി  പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റേയും ജലവിഭവ വകുപ്പിന്റേയും സംയുക്ത പരിശോധന അടിയന്തരമായി ഒരാഴ്ച്ചക്കകം പൂര്‍ത്തീകരിക്കും. പഞ്ചായത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളുടെയും   സംയുക്ത പരിശോധനക്കായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട /വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.അതേസമയം  ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച  പദ്ധതിയുടെ അംഗീകാരം പുതുക്കിയ നിരക്കില്‍  ലഭിക്കുന്നതിനായി അനുമതിക്കായി  ധനകാര്യ വകുപ്പിന്  സമര്‍പ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കകം  അനുമതി ലഭിക്കും. എന്നാല്‍  രണ്ടാം ഘട്ട പദ്ധതിയില്‍ കരിപ്പൂര്‍ മേഖലകളിലേക്ക് വെള്ളം എത്തിക്കുന്നതിന് ജലസംഭരണി ആവശ്യമാണ്. ഇതിന് വേണ്ടി ഏഴു സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നല്‍കും. രണ്ടാം ഘട്ടപദ്ധതിക്കായി 18 കോടിയുടെ പദ്ധതി  അംഗീകാരത്തിനായി അടുത്ത വാരത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.കെ.റഷീദലി  യോഗത്തില്‍ അറിയിച്ചു.