നികുതി ചോര്‍ച്ച പരിശോധിക്കും: മന്ത്രി കെ. എന്‍. ബാലഗോപാല്‍

post

പാലക്കാട്: ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള  നികുതി ചോര്‍ച്ച പരിഹരിക്കാന്‍ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വാളയാര്‍ വില്‍പ്പന നികുതി ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.  ജി.എസ്.ടി സംവിധാനം വന്നതിന് ശേഷം ചെക്ക് പോസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ നികുതി വരവില്‍  കാര്യമായ കുറവ് വന്നു. വണ്‍ കണ്‍ട്രി വണ്‍ ടാക്സ് സംവിധാനം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജി.എസ്.ടി.   പ്രതിവര്‍ഷം കേരളത്തിലേക്ക് 15000 കോടിയുടെ ചരക്കാണ് വരുന്നത്. 5000 കോടിയുടെ ചരക്ക് പുറത്തേക്കും പോകുന്നു എന്നാണ് ഏകദേശ കണക്ക്. ഇതിനനുസരിച്ചു സത്യസന്ധമായി നികുതി അടച്ചാല്‍ വരുമാനം കൂടും. ജി.എസ്.ടിക്ക് മുന്‍പ് ഓരോ വര്‍ഷവും 14 മുതല്‍ 16 ശതമാനം വരെ നികുതി വരവില്‍ വര്‍ധന ഉണ്ടായിരുന്നു. എന്നാല്‍ ജി.എസ്.ടി നടപ്പാക്കി നാല് വര്‍ഷം കഴിയുമ്പോള്‍ വരുമാനം ആദ്യ വര്‍ഷത്തെതിനു തുല്യമാണ്.കോവിഡ് വന്നതോടെ വീണ്ടും വരുമാനം കുറഞ്ഞു. രാജ്യവ്യാപകമായി സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതോടെ കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ രണ്ട് സമിതികള്‍ ഉണ്ടാക്കി.    ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന നികുതി സര്‍ക്കാരിലേക്ക് നല്കിയെ മതിയാവൂ. കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ചരക്കുകള്‍ കൂടി നിരീക്ഷിക്കാന്‍ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ കേരളത്തിന്  അകത്തേക്ക് വരുന്ന ചരക്കുകളാണ് കൂടുതല്‍ പരിശോധിക്കുന്നത്. ഫിസിക്കല്‍ വെരിഫിക്കേഷനിലെ കുറവ് നികത്തുമെന്നും മന്ത്രി അറിയിച്ചു.

ടാക്സ് നല്‍കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. വാളയാറിലെ വില്‍പ്പന നികുതി വകുപ്പ് ഓഫീസ്  കേന്ദ്രീകൃത മോണിറ്ററിങ് കമാന്റിങ് ഓഫീസാക്കി മാറ്റുന്നത് പുരോഗമിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ ഒരുക്കി  കൂടുതല്‍ കാര്യക്ഷമമാക്കും. കേരളത്തിലേക്ക് ചരക്ക് വരുന്നതില്‍ 50 ശതമാനത്തിലേറെ വാളയാര്‍ ഉള്‍പ്പെടെ ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയാണ്. നികുതി വരവ് കൂട്ടാന്‍ ഓഡിറ്റിങ്ങും ഇന്റലിജന്‍സ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാറിലെ ക്യാമറ പോയിന്റ്, വേളന്തവളം _കോഴിപ്പാറ, ഗോപാലപുരം സര്‍വെലിന്‍സ് സ്‌ക്വാഡ് ക്യാമ്പ് ഓഫീസ് എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശിച്ചു. വാളയറിലും ഗോപാലപുരത്തും സ്ഥാപിച്ച ഓട്ടോമാറ്റിക്ക്  നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍(എ.എന്‍.പി.ആര്‍)ക്യാമറ സംവിധാനവും മന്ത്രി പരിശോധിച്ചു.