പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ പരിഹാരവുമായി റവന്യൂ മന്ത്രി കെ രാജന്‍

post

ജി എച്ച് എസ് എസ് പീച്ചി സ്‌കൂള്‍ പൂര്‍ണ സജ്ജമായി നവംബര്‍ ഒന്നിന് തുറക്കും 

തൃശൂര്‍: പീച്ചി ജി എച്ച് എസ് എസ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് തന്നെ തുറക്കും. ഞായറാഴ്ച്ച പീച്ചി സ്‌കൂളിലെ വിജയോത്സവം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആശങ്ക അധികൃതര്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം മന്ത്രി വിളിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ടാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. എന്നാല്‍ കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും ലഭ്യമല്ലാത്തതിനാല്‍ ഹയര്‍ സെക്കന്ററിയുടെ പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേയ്ക്ക് മാറാന്‍ കഴിഞ്ഞില്ല.

ഈ പ്രതിസന്ധി സ്‌കൂള്‍ അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ അന്വേഷിക്കുകയും  24 മണിക്കൂറിനുള്ളില്‍ വൈദ്യുതി നല്‍കുമെന്ന് കെ എസ് ഇ ബി എന്‍ജിനീയര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. പഞ്ചായത്ത് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പണി പൂര്‍ത്തീകരിച്ച രേഖകള്‍ നല്‍കിയാല്‍ എത്രയും പെട്ടന്ന് കെട്ടിട നമ്പര്‍ നല്‍കാമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ ഉറപ്പ് നല്‍കി.

പീച്ചി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നിലുള്ള മള്‍ട്ടിപ്പര്‍പസ് സിന്തറ്റിക് കോര്‍ട്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

വോളി ബോള്‍, ടെന്നീസ് എന്നിവ കളിക്കുന്നതിനായുള്ള സിന്തറ്റിക് കോര്‍ട്ട് ഒരുക്കാനും ഗ്രൗണ്ട് വര്‍ക്ക് ചെയ്ത് മഴവെളളം കെട്ടി നില്‍ക്കുന്നതിന് പരിഹാരം കാണാനും മന്ത്രി 

കരാറുകാരനോട് നിര്‍ദ്ദേശിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഒക്ടോബര്‍ 10ന് കെട്ടിടം നല്‍കാമെന്ന് കരാറുകാരാന്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.