അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന് തുടക്കം

post

കേരഗ്രാമം പദ്ധതി വഴി വലിയ നേട്ടങ്ങള്‍ നേടാനാകും: മന്ത്രി പി.രാജീവ്

എറണാകുളം: കുടുംബങ്ങളിലെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് ഫല വൃക്ഷ തൈനട്ട് ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരഗ്രാമം പദ്ധതിയില്‍ കരുമാല്ലൂരിനെ കൂടി ഉള്‍പ്പെടുത്തുക വഴി അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കരുമാല്ലൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും കുറഞ്ഞത് 3 സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യാന്‍ താല്പര്യമുള്ള 50 കുടുംബങ്ങളെയാണ് ക്യാമ്പയിനിലേക്ക് തിരഞ്ഞെടുക്കുന്നത്. 1338 വാര്‍ഡുകളിലെ 70000 കുടുംബങ്ങളില്‍ പോഷക സമൃദ്ധമായ പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു. കുറഞ്ഞത് മൂന്ന് സെന്റ് മുതലുള്ള പ്ലോട്ടുകളില്‍ അഞ്ചിനം പച്ചക്കറികളും രണ്ടിനം ഫല വൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്. വാര്‍ഡ് തലത്തില്‍ പരിശീലനം ലഭിച്ചവര്‍ക്ക് വിത്തുകള്‍ സൗജന്യമായി നല്‍കും.

കാര്‍ഷിക വിളകളായ തക്കാളി / വെണ്ട ,പാവല്‍ പടവലം, ചീര മത്തന്‍ മല്ലി /  പുതിന എന്നിവയും ഫലവൃക്ഷ തൈകളും അഗ്രോ ന്യൂട്രി ഗാര്‍ഡനില്‍ ഉണ്ടാകും. മൂന്ന് മാസത്തിനുള്ളില്‍ വിളവെടുപ്പ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രഞ്ജിനി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വിജയം, ജില്ലാ പ്രോഗ്രാം മാനേജര്‍ രമ്യ ടി ആര്‍. , ജില്ലാ പഞ്ചായത്ത് അംഗം ടി കെ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിതാ ഹസീബ്, പഞ്ചായത്തംഗം ടി കെ അയ്യപ്പന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഹൈല ബീവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.