വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

post

ആലപ്പുഴ: കോവിഡ് സാചര്യത്തിലുണ്ടായ  പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുംവിധം വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി  പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുന്നമട ഫിനിഷിംഗ് പോയിന്റിലെ ഹൗസ് ബോട്ട് ടെര്‍മിനലില്‍ വിനോദ സഞ്ചാര മേഖലയിലെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹൗസ് ബോട്ടുകളുടെ മെയ്ന്റനന്‍സ് ഗ്രാന്റിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ യാനങ്ങള്‍ക്കും ഗ്രാന്റ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ആലപ്പുഴയില്‍ മാത്രം ഇതുവരെ  223 ബോട്ടുകള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 23 ബോട്ടുകളുടെ അപേക്ഷ പരിഗണനയിലാണ്.

തുറമുഖ വകുപ്പുമായി ആലോചിച്ച് ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍, സര്‍വേ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ആലപ്പുഴയില്‍ വാട്ടര്‍ ആംബുലന്‍സ് സജ്ജമാക്കുന്നതു സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ഉടന്‍ ചര്‍ച്ച നടത്തും. പോലീസ്, ഫയര്‍ ഫോഴ്സ്, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സുരക്ഷാ സമിതികള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും. വിനോദ സഞ്ചരിക്കള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും. 

വിനോദ സഞ്ചാര മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. വിനോദ സഞ്ചാര മേഖലയില്‍ പ്രത്യേക ഡ്രൈവിലൂടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്താനായത് വലിയ നേട്ടമാണെന്നും മന്ത്രി വിലയിരുത്തി.