കടയ്ക്കലിന്റെ വികസനങ്ങള്‍ ഡോക്യുമെന്ററി സിനിമയാകുന്നു..

post

കൊല്ലം : വികസനവഴിയിലെ മാതൃക പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്. 'ഡെഡിക്കേറ്റഡ് ടു  ഡെവലപ്‌മെന്റ്' എന്ന ഡോക്യുമെന്ററി സിനിമയിലൂടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്നത്.  കഴിഞ്ഞ നാലര വര്‍ഷമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍, വികസന പദ്ധതികള്‍ എന്നിവ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററിയുടെ നിര്‍മാണം. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. സംസ്ഥാനത്തെ വിവിധ മേളകളില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തും.
 ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രകാശനം കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവിക്ക് കൈമാറി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ എസ് രമാദേവി, അംഗം പി ആര്‍ പുഷ്‌കരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.  ഒരു ഗ്രാമത്തിന്റെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ വികസനങ്ങള്‍ നടത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് കഴിഞ്ഞ നാലര വര്‍ഷമായി കടയ്ക്കലില്‍ നടത്തി വരുന്ന വികസന പദ്ധതികള്‍. കടയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കി ഡോക്യുമെന്ററി സിനിമയാക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഗ്രാമീണതയുടെ മാതൃകാ വികസനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു