ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 11.47 കോടിയുടെ കുടിവെള്ള- ജലസേചന പദ്ധതികള്‍

post

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച 11.47 കോടി രൂപയുടെ ജലസേചന-കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കള്ളാര്‍ പഞ്ചായത്തിലെ പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കാപ്പുങ്കരയില്‍ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിച്ച പദ്ധതിയാണ് ഇതില്‍ ഏറ്റവും വലുത്. അഞ്ച് കോടി രൂപയാണ് ജലസേചന വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയായ പദ്ധതിയുടെ നിര്‍മ്മാണ ചിലവ്.

ജില്ലയില്‍ ജലസേചനത്തിനായി ചെക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളില്‍  13 എണ്ണം പൂര്‍ത്തിയായി. ബളാല്‍ പഞ്ചായത്തിലെ ദേവഗിരി കോളനിക്കടുത്ത് മൈക്കയത്ത് കൊന്നക്കാട്  ചൈത്രവാഹിനി തോടിന് കുറുകെ ട്രാക്ടര്‍വേയോടു കൂടിയ തടയണ നിര്‍മ്മാണം, കുമ്പള പഞ്ചായത്തിലെ ഉളുവാറില്‍ കുടിവെള്ള വിതരണ പദ്ധതി, കാറഡുക്ക പഞ്ചായത്തിലെ കരണി അരിത്തളം തോടിന് കുറുകെ അരിത്തളത്ത് വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മ്മാണം, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പാമ്പങ്ങാനം കൂട്ടമലത്തോടിന് കുറുകെ വിസിബി കം ബ്രിഡ്ജ് നിര്‍മ്മാണം, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ മാത്തില്‍ റോഡ് വിസിബി കം ബ്രിഡ്ജ് നിര്‍മ്മാണം, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍-കടയമങ്കലം വി.സി.ബി നിര്‍മ്മാണം, ചെറുവത്തൂര്‍ പഞ്ചായത്തിലെ കാടന്‍കോട് കോയാമ്പുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മാണം, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജലസംരക്ഷണ സംവിധാനം, മടിക്കൈ പഞ്ചായത്തിലെ മധുരക്കോട്ട് വിസിബി നവീകരണം, അഗ്രോസര്‍വ്വീസ് സെന്റര്‍ ശാക്തീകരണവും യന്ത്രവത്ക്കരണവും സപ്പോര്‍ട്ട് സര്‍വ്വീസും, കുമ്പള പഞ്ചായത്തിലെ ആരിക്കാടി-കുമ്പോലില്‍ കുടിവെള്ള വിതരണ പദ്ധതി തുടങ്ങി വിവിധങ്ങളായ കുടിവെള്ള-ജലസേചന പദ്ധതികളാണ് സര്‍ക്കാരിന്റെ നൂറു ദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വികസന പാക്കേജില്‍ പൂര്‍ത്തിയായത്. കുടിവെള്ള- ജലസേചന വിഭാഗത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നത് 16.13 കോടി രൂപയുടെ പദ്ധതികളാണ്. വാട്ടര്‍ അതോറിറ്റി നിര്‍വ്വഹണ ഏജന്‍സിയാകുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കുടിവെള്ള പദ്ധതിയാണ് ഇതില്‍ ഏറ്റവും വലുത്. എട്ട് കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനമാണ് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നടക്കാനിരിക്കുന്നത്.