കര്‍ഷകക്ഷേമത്തിന് സര്‍ക്കാന്‍ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ മുഖ്യമന്ത്രി

post

* കര്‍ഷകസംഗമം 2020 ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കര്‍ഷകരുടെ ക്ഷേമകാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കര്‍ഷക അവാര്‍ഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണവകുപ്പില്‍ പ്രകടമായ വികസന മുന്നേറ്റങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.03 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണിത്. മൃഗസംരക്ഷണം ജീവനോപാധിയാക്കിയിരിക്കുന്നത് സാധാരണക്കാരും വനിതകളുമായതിനാല്‍ ഈ മേഖലയിലെ ഓരോ പദ്ധതിയും അടിസ്ഥാന മേഖലയുടെ സാമൂഹ്യ ഉന്നമനത്തിനാണ് ലക്ഷ്യമിടുന്നത്.
വകുപ്പിന്റെ ആധുനികവത്കരണത്തിനും സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടു. കുടപ്പനക്കുന്നില്‍ ആധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, പിറവന്തൂര്‍ ഹൈടെക് ഡയറി ഫാം, സുല്‍ത്താന്‍ബത്തേരിയിലെയും വാഗമണിലെയും ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകള്‍, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വകുപ്പില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. പാലുത്പാദനകാര്യത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് 2018ല്‍ മഹാപ്രളയമുണ്ടായത്. കന്നുകാലികള്‍, കോഴികള്‍, പുല്‍കൃഷി, വൈക്കോല്‍ തുടങ്ങി വന്‍ നഷ്ടമാണ് മേഖലയിലുണ്ടായത്. ആകെ ഈരംഗത്ത് സംഭവിച്ച നഷ്ടം 172 കോടിയുടേതായിരുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും കര്‍ഷകരുടെ അകമഴിഞ്ഞ പിന്തുണയും മഹാദുരന്തത്തില്‍ നിന്ന് നമ്മെ കരകയറാന്‍ സഹായിച്ചു. പ്രളയത്തില്‍ നഷ്ടങ്ങളുണ്ടായ കര്‍ഷകരെ സഹായിക്കാന്‍ ഉരുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് 22 കോടി രൂപയുടെ നഷ്ടപരിഹാരമാണ് നല്‍കിയത്.
വെള്ളപ്പൊക്കം തീവ്രമായ ജില്ലകളില്‍ കര്‍ഷകര്‍ക്ക് പശുക്കുട്ടികളെയും തീറ്റയും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കര്‍ഷകര്‍ എടുക്കുന്ന ലോണുകള്‍ക്ക് വന്‍ പലിശ ബാധ്യത ഒഴിവാക്കാന്‍ 5000 രൂപ വരെ സബ്‌സിഡി നല്‍കുന്ന പദ്ധതി നടപ്പാക്കി. റീബിള്‍ഡ് കേരള പദ്ധതി വഴി മൃഗസംരക്ഷണ വകുപ്പില്‍ പ്രധാനപ്പെട്ട രണ്ട് പദ്ധതികളുണ്ട്. രണ്ടുകോടി 20 ലക്ഷം രൂപ ചെലവില്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ ആധുനിക ചികിത്‌സാ സംവിധാനങ്ങള്‍ എത്തിക്കാന്‍ ടെലിമെഡിസിന്‍ സംവിധാനങ്ങളോടെ സഞ്ചരിക്കുന്ന മൃഗചികിത്‌സാ യൂണിറ്റുകളും 20.5 കോടി ചെലവില്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സംയോജിപ്പിച്ച് ഉരുക്കളുടെ കാതുകളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച് കന്നുകാലികളെ തിരിച്ചറിയാന്‍ യുണീക് ഐ.ഡി നമ്പര്‍ നല്‍കുന്ന പദ്ധതിക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. രണ്ടുപദ്ധതിയും ഈ വര്‍ഷം തന്നെ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം.
പക്ഷിമൃഗ സമ്പത്തിന്റെ സംരക്ഷണത്തിനായി രാത്രികാല അടിയന്തിര വെറ്ററിനറി ചികിത്‌സാ സേവന പദ്ധതി വ്യാപിപ്പിക്കും. 105 ബ്ലോക്കുകളില്‍ നടപ്പാക്കുന്ന പദ്ധതി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണമേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണവും ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണവും, മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായ വിതരണവും ആട് വളര്‍ത്തല്‍ കര്‍ഷക സഹകരണ സംഘം രൂപീകരണവും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. 2019ലെ കന്നുകാലി സെന്‍സസില്‍ കന്നുകാലികളുടെ എണ്ണം വര്‍ധിച്ചത് സര്‍ക്കാരിന്റെ പദ്ധതികള്‍ ലക്ഷ്യം കാണുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.  കര്‍ഷകര്‍ക്ക് കൂടുതല്‍ സേവനമെത്തിക്കാന്‍ മൃഗസംരക്ഷണ വകുപ്പില്‍ പുനഃക്രമീകരണം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ പാളയം രാജന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ: എം.കെ. പ്രസാദ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: ബി. അരവിന്ദ് നന്ദിയും പറഞ്ഞു.