പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്ക് മന്ത്രിമാര്‍ മുന്‍ഗണന നല്‍കണം

post

തിരുവനന്തപുരം : പാവപ്പെട്ട ആളുകളുടെ കാര്യങ്ങള്‍ക്ക് മന്ത്രിമാര്‍ മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയില്‍ നടക്കുന്ന മന്ത്രിസഭാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകള്‍ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുന്‍ഗണന നല്‍കുന്നു എന്നത് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ചേരി തിരിഞ്ഞ് മത്സരിച്ചു. സര്‍ക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറിക്കഴിഞ്ഞാല്‍ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങള്‍ മാത്രമാണ്. അപ്പോള്‍ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ല. മന്ത്രിമാര്‍ക്ക് ജനങ്ങള്‍ക്കിടില്‍ പ്രവര്‍ത്തിച്ചതിന്റെ വലിയ അനുഭവ പരിചയം ഉണ്ടാവും. ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാല്‍ അത് മന്ത്രിമാര്‍ സ്വീകരിക്കണം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാര്‍ക്ക് ഇത്തരത്തില്‍ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലതരം അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഏത് സ്വീകരിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായേക്കാം. അതിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുവേണം മന്ത്രിമാര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കാലഹരണപ്പെട്ട ചട്ടങ്ങളുണ്ടാവാം. അപ്പോള്‍ പുതിയവ വേണ്ടി വരും. ഇതിനാവശ്യമായ നടപടികള്‍ മന്ത്രിമാര്‍ സ്വീകരിക്കണം. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വരുന്ന പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യണം. മുന്‍ സര്‍ക്കാരിന്റെ കാലത്തേതു പോലെ ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കണം. നൂറുദിന പരിപാടികള്‍ നല്ലരീതിയില്‍ വിജയിപ്പിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി മിര്‍ മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു.

മൂന്നു ദിവസത്തെ പരിശീലനമാണ് ഐ. എം. ജിയില്‍ നടക്കുന്നത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖര്‍ ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു. എന്‍. ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ജനീവയില്‍ നിന്ന് ഓണ്‍ലൈനില്‍ മന്ത്രിമാരുമായി സംവദിച്ചു. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ. ഐ. എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിച്ചു.