ഡിമെന്‍ഷ്യ രോഗികള്‍ക്ക് പുനരധിവാസമുറപ്പാക്കി സാമൂഹിക നീതി വകുപ്പിന്റെ ഡിമെന്‍ഷ്യ പരിപാലന കേന്ദ്രം

post

എറണാകുളം : ഓര്‍മ്മകള്‍ മറവിയിലേക്ക് മറഞ്ഞ ഡിമെന്‍ഷ്യ രോഗികള്‍ക്ക് പരിപാലനവും മുഴുവന്‍ സമയ പരിചരണവും ഉറപ്പാക്കി, സാമൂഹിക പ്രതിബദ്ധതയുടെ ഉറപ്പുകള്‍ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് സാമൂഹിക നീതി വകുപ്പിന്റെ എടവനക്കാട് പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിപാലന കേന്ദ്രം. രാജ്യത്ത് തന്നെ ഡിമെന്‍ഷ്യ പരിപാലനത്തിനായി സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക കേന്ദ്രമാണ് ഇത്. സംസ്ഥാനത്തു ഇത്തരത്തിലുള്ള എക സ്ഥാപനവും ഇത് തന്നെ.

 സെപ്റ്റംബര്‍ 21  ന് സ്ഥാപനത്തില്‍ ലോക അള്‍ഷൈമേഴ്‌സ് ദിനം വെര്‍ച്വലായി ആചരിക്കും. മറവിരോഗത്തെ അറിയുക, അള്‍ഷൈമേഴ്‌സിനെ കുറിച്ചോര്‍ക്കുക എന്ന സന്ദേശം ഉള്‍കൊണ്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും, അള്‍ഷൈമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസാര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പ് ജോ. ഡയറക്ടര്‍ ജലജ എസ് അദ്ധ്യക്ഷത വഹിക്കും.

 'രോഗാരംഭത്തിലെ മറവിരോഗ നിര്‍ണ്ണയം' എന്ന വിഷയത്തില്‍ ന്യൂറോളജിസ്റ്റ് ഡോ. റോബര്‍ട്ട് മാത്യു ക്ലാസ് നയിക്കും. സാമൂഹ്യ നീതി വകുപ്പ് അള്‍ഷൈമേഴ്‌സ് ആന്റ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് എടവനക്കാട് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിപാലന കേന്ദ്രം 2015 ഇല്‍ ആരംഭിച്ചത്. 2 ലക്ഷത്തോളം ഡിമെന്‍ഷ്യ രോഗികള്‍ ആണ് കേരളത്തില്‍ ഉള്ളത്. ഇവരില്‍ 10% ആളുകള്‍ക്ക് മാത്രമേ  രോഗാവസ്ഥ സ്ഥിരീകരിക്കുകയും ഫലപ്രദമായ പരിചരണത്തിനും വൈദ്യ ശുശ്രൂഷയും വിധേയമാകുന്നുള്ളൂ.

ഒരു താമസക്കാരനുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഇതുവരെ അറുപതോളം മറവിരോഗ ബാധിതരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. 25 പേരെ 

താമസിപ്പിക്കാവുന്ന ഈ സ്ഥാപനത്തില്‍ നിലവില്‍ 19 താമസക്കാര്‍ക്ക് പരിചരണം നല്‍കിവരുന്നു. സമൂഹത്തിലും കുടുംബത്തിലും ഓര്‍മ്മ നഷ്ടപ്പെട്ട് അവഗണിക്കപ്പെട്ടും ദുരിതമനുഭവിക്കുന്നതുമായ ഡിമെന്‍ഷ്യ ബാധിതരെ മികച്ച പരിഗണനയും, സുരക്ഷയും, അവശ്യ ചികിത്സയും പരിചരണവും നല്‍കി പുനരധിവസിപ്പിക്കുന്നു.