ലൈഫ് മിഷന്‍ ഭവനം: സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും

post

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ  സംസ്ഥാനതല പ്രഖ്യാപനം  മുഖ്യമന്ത്രി  പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  ചടങ്ങ് ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ച വീടുകളുടെ അങ്കണത്തിലും ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. നിരവധി വീടുകളില്‍ ഇതോടനുബന്ധിച്ച് ഗൃഹ പ്രവേശ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ 1125 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 17776 വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ ഒന്നാം ഘട്ടത്തിലെ 3123 വീടുകളും രണ്ടാംഘട്ടത്തിലെ  9989 വീടുകളും മൂന്നാം ഘട്ടത്തിലെ 1051 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ - ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ലിസ്റ്റിലെ 39 വീടുകളും പിഎംഎവൈ അര്‍ബന്‍ വിഭാഗത്തിലെ 1674 വീടുകളും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് വഴി നിര്‍മ്മിച്ച 941 വീടുകളും 199 ഫ്‌ലാറ്റുകളും ഉള്‍പ്പെടുന്നു.