ഇന്ന് ലോകമുളദിനം: മണപ്പുറത്ത് നട്ട ഇല്ലിത്തൈകള്‍ മുളങ്കാടായി

post

കാണാന്‍ മന്ത്രി പി.രാജീവെത്തും

എറണാകുളം: ഇന്ന് (സെപ്തം: 18) ലോകമുളദിനം. നാലു വര്‍ഷം മുന്‍പ് പെരിയാറിന്റെ തീരത്ത്,   ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്  നട്ട ഇല്ലിത്തൈകള്‍ പടര്‍ന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരിക്കുന്നു. അന്ന് ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് മണപ്പുറത്തെ മുളങ്കൂട്ടം കാണാനെത്തും.

പെരിയാറിനൊരു ഇല്ലിത്തണല്‍ എന്ന കാമ്പയിന്റെ ഭാഗമായി 2017 ലാണ് ഇല്ലിത്തൈകള്‍ നട്ടത്. നേര്യമംഗലം മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമായി ഏകദേശം 100 കിലോമീറ്റര്‍ ദൂരത്തില്‍ നൂറുകണക്കിന്  തൈകള്‍ നട്ടു. ഇന്നത് വളര്‍ന്ന് വലിയ മുളങ്കാടായി. മുള മണ്ണിന്റെ സുരക്ഷാ കവചമാണെന്നും, പ്രളയക്കെടുതികള്‍ക്ക് ഒരു പരിധി വരെ പ്രതിവിധിയാകാമെന്നും മുന്‍കൂട്ടി കണ്ടാണ് പെരിയാറിനൊരു ഇല്ലിത്തണല്‍ പദ്ധതി ആരംഭിച്ചത്.  

കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനും മണ്ണിനെ ബലപ്പെടുത്താനും മുളകള്‍ നട്ടുവളര്‍ത്തുക വഴി സാധിക്കും. മണ്ണിടിച്ചിലിനെ തടയാനും കഴിയും.   കൂടുതല്‍ വേഗത്തില്‍ വളര്‍ന്ന് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കാനും ഓക്‌സിജന്‍ പുറത്തുവിടാനും മുളയ്ക്ക് കഴിവുണ്ട്.  

ആലുവ മണപ്പുത്ത് പ്രളയത്തെ അതിജീവിച്ച ഇല്ലിത്തൈകള്‍ നാലുവര്‍ഷം കൊണ്ടാണ് മുളങ്കാടായത്.  പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചതും ആദ്യമായാണ്.

ഇതോടൊപ്പം 2018ലെ പ്രളയത്തിനു ശേഷം ചെളിയടിഞ്ഞ കുണ്ടാലക്കടവ് മണപ്പുറം നടപ്പാതയും വൃത്തിയാക്കിയതോടെ പ്രഭാത സായാഹ്ന സാവാരിക്കാര്‍ക്ക് ടൈല്‍ വിരിച്ച റോഡും മുളങ്കാടും ഉപയോഗപ്പെടും.