അഞ്ച് മാസത്തിനിടയില്‍ കേരള ബാങ്ക് കാര്‍ഷിക വായ്പ 2648 കോടി

post

* നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ചു

* നിഷ്‌ക്രിയ ആസ്തിയില്‍ 387.95 കോടിയുടെ കുറവ്

* കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ച് കേരള ബാങ്ക്. ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള നാല് മാസത്തിനുള്ളില്‍ 2648 കോടി രൂപ കൃഷി വായ്പയായി നല്‍കി. കാര്‍ഷിക മേഖല ശക്തവും വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വായ്പ നല്‍കുന്നത്.  മുന്‍ വര്‍ഷത്തേക്കാള്‍ 5658 കോടി രൂപയാണ് ആകെ നിക്ഷേപത്തിലെ വര്‍ദ്ധന. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ നടത്തിയ പുരോഗതി റിപ്പോര്‍ട്ട് അവലോകനത്തിലാണ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയത്. നിഷ്‌ക്രിയ ആസ്തിയില്‍ 387.95 കോടിയുടെ കുറവുണ്ടായി. വായ്പകളുടെ 14.7 ശതമാനമാണ് നിഷ്‌ക്രിയ ആസ്തി. ഇക്കാലയളവില്‍ 1,06,397 കോടിയുടെ ബിസിനസാണ് ബാങ്ക് നടത്തിയത്. ബാങ്കിന്റെ അറ്റാദായം 61.96 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ 5295 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 507 കോടി രൂപ അധികമാണ്. നേരത്തെ ത്രിതല സംവിധാനം വഴി ഏഴ് ശതമാനം നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഷിക വായ്പ ഇപ്പോള്‍ ആറ് ശതമാനത്തിലും കുറഞ്ഞ നിരക്കിലാണ് നല്‍കുന്നത്.

ത്രിതല സംവിധാനം നിലവിലുണ്ടായിരുന്ന സമയത്ത് എല്ലാ ജില്ലകള്‍ക്കും ലഭ്യമല്ലാതിരുന്ന ദീര്‍ഘകാല പുനര്‍ വായ്പാ സൗകര്യം ( എല്‍ടിആര്‍സിഎഫ് - ലോങ് ടേം റീ ഫിനാന്‍സ് ഫെസിലിറ്റി ) എല്ലാ ജില്ലകള്‍ക്കും ലഭ്യമാക്കുകയും 754 കോടി വിതരണം ചെയ്യുകയുമുണ്ടായി. കോവിഡ് സാഹചര്യത്തിലും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ലിക്വിഡിറ്റി ഫണ്ടായി 2000 കോടി രൂപ അനുവദിച്ചു. വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതികളും ബാങ്ക് ആവിഷ്‌കരിച്ചു. ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ മേഖലയില്‍ 60 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും. 35 ശതമാനമോ പത്ത് ലക്ഷം രൂപ വരെയോ സബ്‌സിഡിയും ലഭ്യമാക്കും. സാധാരണ തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ എന്നിവര്‍ക്ക് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ദീര്‍ഘകാല വ്യവസ്ഥകളില്‍ വായ്പ അനുവദിക്കുന്നുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമുള്ള ഭവന വായ്പ, നബാര്‍ഡ് നിര്‍ദ്ദേശിക്കുന്ന വായ്പ, ഒരു പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വായ്പ എന്നിങ്ങനെ വിവിധ വായ്പകള്‍ ലളിതമായ വ്യവസ്ഥകളില്‍ കേരള ബാങ്ക് അനുവദിക്കുന്നു.

കര്‍ഷകരുടെ സ്വയംസംരഭങ്ങള്‍ക്കും അവര്‍ രൂപം നല്‍കിയ കമ്പനികള്‍ക്കും എല്ലാവിധ സഹകരണങ്ങളും ആനുകൂല്യങ്ങളും വായ്പകളും കേരള ബാങ്ക് സ്‌പെഷ്യല്‍ സെല്‍ വഴി നല്‍കുന്നു. സേവിങ്‌സ് ബാങ്ക്, കറണ്ട് അക്കൗണ്ടുകള്‍ എന്നിവ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഏഴാം ക്ലാസ് മുതലുള്ള കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയിക മാതൃകയില്‍ വിദ്യാനിധി പദ്ധതി നടപ്പിലാക്കുന്നു. പത്താം ക്ലാസ് പൂര്‍ത്തിയാക്കുമ്പോള്‍ നിക്ഷേപ തുകയും ബാങ്കിന്റെ വിഹിതവും ഉപഹാരവും ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണ്. ബാങ്കിന്റെ ഡിജിറ്റലൈസേഷന്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാകും. ഇതോടെ ന്യൂ ജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ കേരള ബാങ്കിനു നല്‍കാനാകുമെന്നും അവലോകന യോഗം വിലയിരുത്തി.