ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ നടപടിയായി

post

തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ മന്ത്രിസഭ അംഗീകരിച്ചു. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ / സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമി, പരമാവധി 5 സെന്റ് വരെ പാട്ടത്തിന് നല്‍കും. ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള അധികാരം ആ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയില്‍ നിക്ഷിപ്തമാക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ / മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള, ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം 5000 രൂപ വാര്‍ഷിക നിരക്കില്‍ വാടകയ്ക്ക് നല്‍കും. ഇപ്രകാരം അനുമതി നല്‍കി ഉത്തരവ് ഇറക്കാനുള്ള അധികാരം ജില്ലാതല മേധാവിക്കാണ്. അവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ അതത് ഓഫീസ് മേധാവിക്കായിരിക്കും ഇതിനുള്ള അധികാരം.

ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് /തദ്ദേശസ്വയംഭരണം/പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകള്‍ വലിക്കുന്നതിനും തദ്ദേശസ്വയംഭരണം / പൊതുമരാമത്ത്/ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ കല്‍പിത അനുമതികളായി കണക്കാക്കും.

കണക്ടിവിറ്റി നല്‍കുന്നതിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന്റെ / വലിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ കുഴിക്കുന്നതിന് മണ്‍സൂണ്‍ കാലയളവിലും അനുമതി നല്‍കും. സര്‍ക്കാര്‍ ഭൂമിയിലോ, കെട്ടിടത്തിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെയും കേബിളുകള്‍ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാല്‍ പരിശോധിച്ച് മൂന്നു ദിവസത്തിനകം നല്‍കും.

കേബിളുകള്‍ മുഖേനയോ വയര്‍ലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വി.എസ്.എ.ടി. സാങ്കേതികവിദ്യ ഉപയോഗിക്കും.

കെ.എസ്.ഇ.ബി.യുടെ  സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ബാറ്ററി പിന്‍ബലമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കെ.എസ്.ഇ.ബി.യുടെ പോളുകള്‍ വഴി കേബിളുകള്‍ വലിക്കുന്നതിന് വാര്‍ഷിക വാടകയിനത്തില്‍ ഇളവുകള്‍ അനുവദിച്ച് ഊര്‍ജ്ജവകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേബിളുകളും ഡക്റ്റുകളും സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. അംഗീകാരം വേണ്ടിടത്ത് സൗജന്യമായി നല്‍കും.