കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചു

post

തിരുവനന്തപുരം:  കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചു.  സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവന്‍ ടൂറിസം നാന്ദികുറിക്കുന്നത്.  1990 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ ടൂറിസം വികസിപ്പിക്കും.  സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രാദേശിക സമൂഹവുമാണ് പ്രധാന പങ്കാളികള്‍.  കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യമേഖലയെ കാരവനുകള്‍ വാങ്ങാനും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര വളര്‍ച്ചയ്ക്കും പ്രാദേശിക സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളേയും കാരവന്‍ ടൂറിസം പിന്തുണയ്ക്കും.  പരിസ്ഥിതി സൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുകയും ചെയ്യും.

പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും കൈമുതലായുള്ള കേരളത്തില്‍ കാരവന്‍ ടൂറിസത്തിന് മികച്ച സാധ്യതയുണ്ട്.

സോഫകംബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും.

മലിനീകരണ വാതക ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക.  അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും.  കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പിക്കും.  വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവന്‍ പാര്‍ക്ക്.  ചുറ്റുമതില്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിംഗ്, നിരീക്ഷണ ക്യാമറകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാക്കും.  അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം.  അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം.  മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകല്‍പ്പന.  സ്വകാര്യത, പച്ചപ്പ്, കാറ്റ്, പൊടി, ശബ്ദം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് പാര്‍ക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക.

ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു, ഡയറക്ടര്‍ കൃഷ്ണതേജ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.