വനാതിര്‍ത്തികളിലെ വന്യജീവി സംഘര്‍ഷം; മന്ത്രിമാര്‍ അടിയന്തര യോഗം ചേര്‍ന്നു

post

തിരുവനന്തപുരം : വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്ത യോഗം ചേര്‍ന്നു. വനാതിര്‍ത്തികളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘര്‍ഷം നിയന്ത്രിക്കും.

സംസ്ഥാനത്ത് 2348 കിലോമീറ്റര്‍ സൗരോര്‍ജ്ജവേലികളും 511 കിലോമീറ്റര്‍ എലിഫന്റ് പ്രൂഫ് ട്രഞ്ചും 9.7 കിലോമീറ്റര്‍ സൗരോര്‍ജ്ജ തൂക്കുവേലിയും 66 കിലോമീറ്റര്‍ എലിഫന്റ് പ്രൂഫ് വാളും 32 കിലോമീറ്റര്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സും 10 കിലോമീറ്റര്‍ റെയില്‍ ഫെന്‍സും വന്യജീവികള്‍ മനുഷ്യ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നത് തടയാനായി നിലവിലുണ്ട്. സൗരോര്‍ജ്ജ വേലികളുടെയും എലിഫന്റ് പ്രൂഫ് ട്രഞ്ചുകളുടെയും സൗരോര്‍ജ്ജ തൂക്കുവേലികളുടെയും അറ്റകുറ്റപ്പണികള്‍ ഗ്രാമ ബ്ലോക്ക് ജില്ല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

വന്യജീവി പ്രതിരോധ വേലികളുടെ പരിപാലനവും അറ്റകുറ്റപ്പണികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാനും തീരുമാനമായി. വന്യ ജീവി സംഘര്‍ഷം കുറയ്ക്കാന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രൂപീകരിച്ചിട്ടുള്ള ജനജാഗ്രതാ സമിതികളുടെ യോഗം മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചേരണമെന്നും യോഗം തീരുമാനിച്ചു. നിലവില്‍ 204 ജനജാഗ്രതാ സമിതികളാണുള്ളത്. വന്യജീവി സംഘര്‍ഷമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ സമിതികള്‍ രൂപീകരിക്കാനും ധാരണയായി.