പട്ടയം കിട്ടി; ഹാപ്പിയായി രമണന്‍ ആചാരി

post

പത്തനംതിട്ട : നാരങ്ങാനം പൊട്ടന്‍പാറയില്‍ രമണന്‍ ആചാരി സ്വന്തം പേരില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 80 വര്‍ഷത്തിലേറെയായി രമണന്‍ ആചാരിയുടെ കുടുംബം താമസിച്ചു വരുന്ന പത്ത് സെന്റ് വസ്തുവിന് പട്ടയം ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്നു വര്‍ഷം മുന്‍പുണ്ടായ വീഴ്ചയില്‍, ഡ്രൈവറായിരുന്ന രമണന്റെ കൈ ഒടിഞ്ഞ് കിടപ്പിലായതോടെ വീട്ടിലെ കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി.

ഭാര്യ മണിയമ്മ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. രണ്ടര വര്‍ഷം മുന്‍പ്, ഉണ്ടായിരുന്ന വീട് ഇടിവെട്ടി നശിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്താല്‍ ലഭിച്ച തുക കൊണ്ട് ചെറിയ വീട് വച്ച് ഇപ്പോള്‍ അതിലാണ് രമണനും മണിയമ്മയും താമസിക്കുന്നത്. ഏറെ നാളായുള്ള ആഗ്രഹമാണ് സ്വന്തം പേരിലുള്ള വസ്തു വെന്നും പട്ടയം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അറുപത്തിനാലുകാരനായ രമണന്‍ ആചാരി പറഞ്ഞു.