നൂറുദിന കര്‍മ്മപരിപാടിയിലെ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മൂന്ന് ഇനങ്ങള്‍ കൂടി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 1000 റോഡുകളുടെയും പൊതുജനങ്ങള്‍ക്ക് നഗരസഭകളില്‍ പോകാതെ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലും വ്യാപിപ്പിക്കുന്നതിന്റെയും ഇടുക്കിയിലെ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള ജില്ലാ തല റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

നൂറുദിന കര്‍മ്മപരിപാടിയിലെ പ്രധാനപ്പെട്ട ഇനമാണ് സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ആയിരം റോഡുകളുടെ പുനര്‍നിര്‍മ്മാര്‍ണം. 140 നിയോജക മണ്ഡലങ്ങളിലായി 12000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടെന്നും 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചെന്നും 4372 പ്രവൃത്തികള്‍ക്ക് കരാര്‍ ഉടമ്പടി വയ്ക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 1000 റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍   നടത്തിയിരുന്നു.

ജനങ്ങള്‍ക്ക് നഗരസഭകളില്‍ പോകാതെ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും 87 നഗരസഭകളിലും ഐ ബി പി എം എസ് മുഖേന നിര്‍മ്മാണാനുമതി ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 2019ലെ പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്കനുസൃതമായി കൃത്യവും നിയമാനുസൃതവുമായ അപേക്ഷകള്‍ മാത്രം സ്വീകരിക്കുകയും ഒട്ടും കാലതാമസമില്ലാതെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുന്നതുമായ സംവിധാനമാണ് നിലവില്‍ വരുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാനും ഫീസുകള്‍ അടയ്ക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കുന്നതോടെ  സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് എത്തിച്ചേരുകയാണ്.

ഇടുക്കിയിലെ റിസോഴ്സ് സെന്റര്‍ ജില്ലയിലെ പഞ്ചായത്തുകളുടെ വിവിധ പരിശീലനങ്ങളും ഗവേഷണങ്ങളും വിശകലനങ്ങളും ഡോക്യുമെന്റേഷനുമൊക്കെ കൂടുതല്‍ എളുപ്പമാക്കുമെന്നും മന്ത്രി പറഞ്ഞു.